നേഹയുടെ കൊലപാതകം; സിബിഐ അന്വേഷിക്കണമെന്ന് അച്ഛൻ
Tuesday, April 23, 2024 2:36 AM IST
ഹുബ്ലി: കർണാടകയിൽ ചർച്ചാവിഷയമായി മാറിയ നേഹ ഹിരേമഠിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി അച്ഛൻ നിരഞ്ജൻ ഹിരേമഠ്.
ഹുബ്ബള്ളി-ദാർവാഡ് മുനിസിപ്പൽ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലറായ നിരഞ്ജന്റെ നിലപാട് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനു തലവേദനയായിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിജെപി പരമാവധി മുതലെടുപ്പിനു ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
അന്വേഷണത്തിൽ പുരോഗതി കൈവരിക്കാൻ പോലീസിനു കഴിയുന്നില്ലെങ്കിൽ സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട നിരഞ്ജൻ, കൊലപാതകത്തിൽ പങ്കുള്ള എട്ടുപേരെക്കുറിച്ചുള്ള വിവരം കൈമാറിയിട്ടും ഒരാളെപ്പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപിച്ചു.
അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള വനിതാ പോലീസ് കമ്മീഷണർ സമ്മർദത്തിലാണ്. കമ്മീഷണറെ അടിയന്തരമായി സ്ഥലം മാറ്റണം- അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം ഡിറ്റക്ടീവ് വിഭാഗത്തിനു (സിഒഡി) കൈമാറിയതായും പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.