സോണിയ ഗാന്ധിക്കെതിരേ മോദിയുടെ പരിഹാസം
Monday, April 22, 2024 1:23 AM IST
ജയ്പുർ: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരേ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാത്തവർ രാജ്യസഭാംഗമാകാൻ രാജസ്ഥാനിലേക്കു വരുന്നുവെന്നു മോദി പറഞ്ഞു.
ജലോറിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. “ഒരു കാലത്ത് 400 സീറ്റിൽ വിജയിച്ച കോൺഗ്രസിന് ഇപ്പോൾ 300 സീറ്റിൽപ്പോലും മത്സരിക്കാൻ കഴിയുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ 25 ശതമാനം സീറ്റുകളിൽ ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികൾ പരസ്പരം മത്സരിക്കുന്നു”-മോദി പറഞ്ഞു.
ജലോറിൽ ലുംബറാം ചൗധരിയാണു ബിജെപി സ്ഥാനാർഥി. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ആണ് കോൺഗ്രസ് സ്ഥാനാർഥി. 1999നു ശേഷം ജലോറിൽ വിജയിക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായി.