മന്ത്രിമാരോട് മോദി: പോയി ജയിച്ചുവരൂ, വൈകാതെ കാണാം
സ്വന്തം ലേഖകൻ
Monday, March 4, 2024 1:28 AM IST
ന്യൂഡൽഹി: പോയി ജയിച്ചു വരൂ, വൈകാതെ കാണാം- ഇന്നലെ ന്യൂഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ യോഗത്തിൽ വികസിത ഭാരത് 2047 ചർച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി മന്ത്രിമാരോട് ആഹ്വാനം ചെയ്തത്.
തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പു സമയത്ത് ആളുകളുമായി കൂടിക്കാഴ്ച നടത്തുന്പോൾ ജാഗ്രത പാലിക്കണമെന്ന നിർദേശവും നൽകി.
വിവാദം, ഡീപ് ഫേക്ക് എന്നിവയിൽനിന്ന് വിട്ടു നിൽക്കണം. ഏതു പ്രസ്താവന നടത്തുന്നതിനും മുന്പ് ചിന്തിക്കണം. ശബ്ദം, ദൃശ്യം എന്നിവയിൽ ഡീപ് ഫേക്ക് നടത്താൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകി.
ധനമന്ത്രി നിർമല സീതാരാമൻ നിലവിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ, പുതിയ സർക്കാർ രൂപികരിച്ചാൽ സന്പൂർണ ബജറ്റ് അവതരിപ്പിക്കും. അതിനുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്തതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ, പ്രതിപക്ഷ പാർട്ടികളുടെ ആത്മവീര്യം കെടുത്താനുള്ള മോദി തന്ത്രത്തിന്റെ ഭാഗമാണ് വികസിത ഭാരത് യോഗമെന്നും ആക്ഷേപമുണ്ട്.