പങ്കാളിയെ 20 കഷണമാക്കി, കുക്കറിൽ വേവിച്ച് നായ്ക്കൾക്കു നല്കി
Friday, June 9, 2023 1:05 AM IST
താനെ: മഹാരാഷ്ട്രയിൽ പങ്കാളിയെ കൊലപ്പെടുത്തി 20 കഷണമാക്കിയ മധ്യവയസ്കൻ അറസ്റ്റിലായി. മനോജ് സാനെ എന്നയാളാണു പിടിയിലായത്. ഇയാളെ ജൂൺ 16 വരെ റിമാൻഡ് ചെയ്തു. താനെ ജില്ലയിലായിരുന്നു ഞെട്ടിപ്പിക്കുന്ന കൊലപാതകം അരങ്ങേറിയത്. സരസ്വതി വൈദ്യ(36) ആണു കൊല്ലപ്പെട്ടത്.
യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയശേഷം കുക്കറിൽ വേവിച്ച് നായ്ക്കൾക്കു നല്കി. പ്രഷർ കുക്കറിൽ വേവിച്ച മനുഷ്യമാംസവും തലമുടിയും പാതികത്തിയനിലയിലുള്ള എല്ലുകളും മാംസവും ഫ്ലാറ്റിൽനിന്നു പോലീസ് കണ്ടെത്തി.
ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഏതാനും ദിവസമായി സാനെ നായ്ക്കൾക്കു തീറ്റ നല്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നു അയൽവാസികൾ പോലീസിനോടു പറഞ്ഞു.