രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു : കേരളത്തിൽനിന്ന് 12 പേർ
സ്വന്തം ലേഖകൻ
Monday, August 15, 2022 12:12 AM IST
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ 12 പോലീസ് ഉദ്യോഗസ്ഥർ പുരസ്കാരത്തിന് അർഹരായി. പത്തു പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരവും രണ്ട് പേർക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും ലഭിച്ചു.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡിന് എഡിജിപിയും വിജിലൻസ് ഡയറക്ടറുമായ മനോജ് ഏബ്രഹാം ഐപിഎസ്, കൊച്ചി ക്രൈം ബ്രാഞ്ച് എസിപി ബിജി ജോർജ് എന്നിവർ അർഹരായി. വി.യു കുര്യാക്കോസ്, പി.എ മുഹമ്മദ് ആരിഫ്, ടി.കെ. സുബ്രഹ്മണ്യൻ, പി.സി. സജീവൻ, വി. അജയകുമാർ, കെ.കെ. സജീവ്, ടി.പി. പ്രേമരാജൻ, എ. അബ്ദുൾ റഹീം, വി.കെ. രാജു, എം.കെ. ഹരിപ്രസാദ് എന്നിവരാണ് സ്തുത്യർഹ സേവനത്തിന് അർഹരായ പത്ത് പോലീസ് ഉദ്യോഗസ്ഥർ. 1,082 പോലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണത്തെ പോലീസ് മെഡലിന് അർഹരായത്.
അഗ്നിശമന സേനാ വിഭാഗം
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി പുരസ്കാരത്തിന് അഗ്നിശമന സേനാ വിഭാഗത്തിൽ കേരളത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. മനോജ് കുമാർ അർഹനായി. സ്തുത്യർഹ സേവനത്തിന് ജില്ലാ ഫയർ ഓഫീസർ എൻ. രാമകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽ കുമാർ മേപ്പുറത്ത് എന്നിവരും അർഹരായി.
ജയിൽ സേവന പുരസ്കാരം
ജയിൽ സേവന പുരസ്കാരങ്ങൾക്ക് കേരളത്തിൽ നിന്നു രണ്ടുപേർ അർഹരായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരത്തിന് അസിസ്റ്റന്റ് സൂപ്രണ്ട് വി.ആർ. അജയ് കുമാറും സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരത്തിന് അസിസ്റ്റന്റ് സൂപ്രണ്ട് കെ. ശ്യാമളാംബികയും അർഹരായി. ജയിൽ വിഭാഗത്തിൽ രാജ്യത്താകെ ഏഴുപേർക്ക് വിശിഷ്ട സേവനത്തിനും 38 പേർക്ക് സ്തുത്യർഹ സേവനത്തിനും പുരസ്കാരം ലഭിച്ചു.
ബിജി ജോര്‍ജിനും മനോജ് ഏബ്രഹാമിനും വിശിഷ്ട സേവനത്തിനുമെഡല്
കൊച്ചി: കൊച്ചി ക്രൈംബ്രാഞ്ച് മുൻ എസിപി ബിജി ജോര്‍ജ് തണ്ണിക്കോട്ടിനും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.
എറണാകുളം കൂനമ്മാവ് സ്വദേശിയാണ് കൊച്ചി ക്രൈംബ്രാഞ്ച് മുൻ എസിപി ബിജി ജോര്‍ജ്.
കൂനമ്മാവ് സെന്റ് ഫിലോമിനാസ് എച്ച്എസിലും എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിലും സെന്റ് ആല്‍ബര്‍ട്സ് കോളജിലും ആലുവ യുസി കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1995-ല്‍ എസ്ഐ ആയാണ് സര്‍വീസില്‍ പ്രവേശിച്ചത്. 2014-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2016-ലെ മെറിറ്റോറിയസ് സര്‍വീസിനുള്ള രാഷ്ട്രപതിയുടെ മെഡലും 2004-ല്‍ യുണൈറ്റഡ് നേഷന്‍സ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ പത്തനംതിട്ട അഡീഷണൽ എസ്പിയാണ്. ഭാര്യ: ജീന. മക്കള്‍: അഞ്ജലി മരിയ, ആന്റണ്‍ ജോര്‍ജ് (വിദ്യാര്‍ഥികള്‍).
സൈബർ കുറ്റകൃത്യങ്ങൾ ഒരു പരിധി വരെ തടയുന്നതിന് നടത്തിയ ഇടപെടലുകളാണു എഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരിൽ മനോജ് ഏബ്രഹാമിനെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനാക്കിയത്.
1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് ഏബ്രഹാം പത്തനംതിട്ട, കൊല്ലം ജില്ലകളിൽ എസ്പിയായിരുന്നു. തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കേ ഗുണ്ടകൾക്കെതിരേ കടുത്ത നടപടികൾ സ്വീകരിച്ചു. മേഖലാ ഐജിയായും പോലീസ് ആസ്ഥാനത്തെ എഡിജിപിയായും സേവനം അനുഷ്ഠിച്ചു.