രാഹുൽ ഗാന്ധിയും കോൺഗ്രസ് സ്ഥാനാർഥികളും സുവർണക്ഷേത്ര ദർശനം നടത്തി
Friday, January 28, 2022 1:26 AM IST
അമൃത്സർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളും ഇന്നലെ സുവർണക്ഷേത്ര ദർശനം നടത്തി.
പഞ്ചാബിന്റെ ഭാവി ശോഭനമാകാൻ പ്രാർഥിച്ചുവെന്നു രാഹുൽ പിന്നീട് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയും പാർട്ടി സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും രാഹുലിനെ അനുഗമിച്ചു. തെരഞ്ഞെടുപ്പു കമ്മീഷൻ പഞ്ചാബ് തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതിനുശേഷമുള്ള രാഹുലിന്റെ ആദ്യസന്ദർശനമാണിത്. ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ്.
മാർച്ച് 10ന് വോട്ടെണ്ണെൽ. പഞ്ചാബ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ ജനുവരി 31 വരെ റാലികളും റോഡ് ഷോകളും തെരഞ്ഞെടുപ്പു കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. പഞ്ചാബിൽ ഭരണം നിലനിർത്താൻ കോൺഗ്രസ് 109 സ്ഥാനാർഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. എട്ടു സ്ഥാനാർഥികളെക്കൂടി ഉടൻ പ്രഖ്യാപിക്കുമെന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചു.