അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കു മാസ്ക് വേണ്ട
Friday, June 11, 2021 1:38 AM IST
ന്യൂഡൽഹി: അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്. 18 വയസിനു താഴെയുള്ളവർക്ക് റെംഡിസിവർ നൽകരുതെന്നും മാർഗനിർദേശം. ആറു വയസിനും പതിനൊന്നു വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെയോ ഡോക്ടറുടെയോ മേൽനോട്ടത്തിൽ മാസ്ക് ധരിക്കാം. 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം.
നിലവിൽ കോവിഡ് പ്രതിരോധത്തിനായി പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കണം. കൈക്കുഞ്ഞുങ്ങൾക്കു മാത്രമാണ് ഇളവുള്ളത്. ഇക്കാര്യത്തിലാണ് കേന്ദ്രസർക്കാർ ഇളവു പ്രഖ്യാപിച്ചത്. 18 വയസിനു താഴെയുള്ളവരുടെ കോവിഡ് ചികിത്സയ്ക്കായി റെംഡിസിവിർ മരുന്നിനു പകരം എച്ച്ആർസിടി പരിശോധന അല്ലെങ്കിൽ ഹൈ റെസല്യൂഷൻ സിടി സ്കാൻ ആണ് നിർദേശിച്ചിട്ടുള്ളത്.