സൈന്യം പട്രോളിംഗ് നടത്തും: രാജ്നാഥ് സിംഗ്
Friday, September 18, 2020 12:06 AM IST
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ പട്രോളിംഗ് നടത്തുന്നതിൽ നിന്നു ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ സൈന്യത്തെ തടയാനാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പരന്പരാഗത സൈനിക പോസ്റ്റുകളിൽ പട്രോളിംഗ് നടത്തുന്നതിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ ചൈനീസ് സൈന്യം തടഞ്ഞു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ചൈന വിഷയത്തിൽ ഇന്നലെ ആദ്യമായി യുദ്ധം എന്ന വാക്ക് ഉപയോഗിച്ചാണ് രാജ് നാഥ് സിംഗ് സംസാരിച്ചത്. ഒരു യുദ്ധം നമ്മുടെ കൈ കൊണ്ടു തുടങ്ങാം, എന്നാൽ അതേ കൈ കൊണ്ട് അതവസാനിപ്പിക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു. മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇന്ത്യൻ സൈന്യത്തെ പട്രോളിംഗിൽ നിന്ന് ചൈന തടഞ്ഞോ എന്നു ചോദിച്ചു. അപ്പോഴാണ് ഭൂമിയിൽ ഒരു ശക്തിക്കും അതിനു സാധിക്കില്ലെന്ന് രാജ്നാഥ് സിംഗ് മറുപടി പറഞ്ഞത്.