രജനീകാന്തിനെതിരേ പ്രതിഷേധം കനത്തു
Wednesday, January 22, 2020 11:31 PM IST
ചെന്നൈ: പെരിയാർ ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നടത്തിയ റാലിക്കെതിരേ പ്രസ്താവന നടത്തിയ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ചെന്നൈ പയസ് ഗാർഡനിലെ വസതിക്കു സമീപം ദ്രാവിഡ കക്ഷികളുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രസ്താവന പിൻവലിച്ചു മാപ്പുപറയാൻ രജനീകാന്ത് തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. ത്രിതല പോലീസ് സുരക്ഷയാണ് രജനിയുടെ വസതിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മാപ്പു പറയില്ലെന്നും പശ്ചാത്താപമില്ലെന്നും രജനി കഴിഞ്ഞദിവസം വ്യക്തമാക്കിയതോടെയാണ് പ്രക്ഷോഭം ശക്തമാക്കാൻ ദ്രാവിഡ സംഘടനകൾ തീരുമാനിച്ചത്.