ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസ് മെഡലിന് 177 പേരും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് 89 പേരും സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് 677 പേരും അർഹരായി.
കേരളത്തിൽനിന്നു കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി. കേരളത്തിൽനിന്നുള്ള 13 പോലീസ് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലിനും അർഹരായി.
എറണാകുളം ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രൻ, എറണാകുളം സിബിസിഐഡി സൂപ്രണ്ട് കെ.വി വിജയൻ, എംഎസ്പി മലപ്പുറം കമൻഡാന്റ് ശ്രീരാമ തെലങ്കാല, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാധാകൃഷ്ണപിള്ള, തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീനിവാസൻ ധർമരാജൻ ചാക്കുമാരശോരി, കൽപ്പറ്റ ഡെപ്യൂട്ടി സൂപ്രണ്ട് തോട്ടത്തിൽ പ്രജിഷ്, തൃശൂർ കെഎപി-1 കമൻഡാന്റ് വിൻസന്റ് വർഗീസ് പള്ളാശേരി, തൃശൂർ സിറ്റി ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ സജി നാരായണൻ വെട്ടിക്കാകുഴിയിൽ, കാസർഗോഡ് വനിതാ സെൽ ഇൻസ്പെക്ടർ ഭാനുമതി ചേമഞ്ചേരി, ഇടുക്കി കുട്ടിക്കാനത്തെ ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ മദനൻ നായർ ജി., തിരുവനന്തപുരം ജില്ലാ പൊലീസ് കമൻഡാന്റ് സെന്റർ സബ് ഇൻസ്പെക്ടർ സുനിൽ ലാൽ, മലപ്പുറത്തെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി.പി. സന്തോഷ് കുമാർ, വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോ മലപ്പുറം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോഹൻദാസ് പുള്ളൻചേരിയിൽ എന്നിവരാണു കേരളത്തിൽനിന്നു സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് ജമ്മു കാശ്മീരിൽനിന്നുള്ള സി.ടി.ഇംതിയാസ് അഹമ്മദ് (മരണാനന്തരം), സിആർപിഎഫിൽനിന്നുള്ള എ.സി. ലൗക്രാക്പാം ഇബോംച്ച സിംഗ് , മുഹമ്മദ് മൊജാഹിദ് ഖാൻ (മരണാനന്തരം) എന്നിവർ അർഹരായി.
നാലു പേർക്കു ഫയർ സർവീസ് മെഡൽ
ന്യൂഡൽഹി: രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിന് 56 പേർ അർഹരായി. കേരളത്തിൽനിന്നു നാലു പേർക്കു സ്തുത്യർഹ സേവനത്തിലുള്ള ഫയർ സർവീസ് മെഡൽ ലഭിച്ചു. എം.രാജേന്ദ്രനാഥ് , ജയകുമാർ സുകുമാരൻ നായർ, ഷിബുകുമാർ കരുണാകരൻ നായർ, ഇ.ശിഹാബുദ്ദീൻ എന്നിവരാണു കേരളത്തിൽനിന്നു സ്തുത്യർഹ സേവനത്തിലുള്ള ഫയർ സർവീസ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള ഫയർ സർവീസ് മെഡലിന് തമിഴ്നാട്ടിൽനിന്നുള്ള ഉമാപതി ദണ്ഡപാണി അർഹനായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർസർവീസ് മെഡലിന് ആകെ എട്ടു പേരും സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് ആകെ 47 പേരും അർഹരായി.
ഹോം ഗാർഡ്, സിവിൽ ഡിഫൻസ് മെഡലുകൾക്ക് ആകെ 44 പേരാണ് അർഹരായത്. ഇതിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് എട്ടുപേരും, സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് 36 പേരും അർഹരായി.
എൽ. സജിതയ്ക്കു സ്തുത്യർഹ സേവന മെഡൽ
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ജയിൽ ഉദ്യോഗസ്ഥർക്കായുള്ള കറക്ഷണൽ സർവീസ് അവാർഡ് പ്രഖ്യാപിച്ചു. കേരളത്തിൽനിന്നു വിയ്യൂർ വനിതാ ജയിൽ ആന്‍ഡ് കറക്ഷണൽ സർവീസ് ഹോം ഡെപ്യൂട്ടി സൂപ്രണ്ട് എൽ. സജിത സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹയായി. ദേശീയ തലത്തിൽ മൂന്നു പേരെ വിശിഷ്ട സേവനത്തിനുള്ള അവാർഡിനും 37 പേരെ സ്തുത്യർഹ സേവനത്തിനുള്ള മെഡലിനും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.