വെള്ളാപ്പള്ളിക്കെതിരേയുള്ള സിപിഎം പ്രസ്താവന ആകാശത്തേക്കുള്ള വെടി: വി.ഡി. സതീശൻ
Tuesday, July 22, 2025 3:48 AM IST
കണ്ണൂർ: വെള്ളാപ്പള്ളിക്കെതിരേയുള്ള സിപിഎമ്മിന്റെ പ്രസ്താവന ആകാശത്തേക്കുള്ള വെടിയാണെന്നും അത് ആര്‍ക്കു വേണമെങ്കിലും കൊള്ളുകയോ കൊള്ളാതിരിക്കുകയോ ചെയ്യാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. വിദ്വേഷ പ്രസംഗത്തിനെതിരേയാണോ സിപിഎം പ്രസ്താവനയിറക്കിയത്? ആര്‍ക്കെതിരേയാണ് അവര്‍ പ്രസ്താവന ഇറക്കിയതെന്ന് ആര്‍ക്കും മനസിലായില്ല. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നറേറ്റീവാണ് വെള്ളാപ്പള്ളി നടേശനെക്കൊണ്ട് പറയിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതാണു സിപിഎമ്മിന്റെ പ്രസ്താവന.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സികളും സിപിഎം നേതാക്കളും ഭൂരിപക്ഷ പ്രീണന കാമ്പയിനാണു നടത്തുന്നത്. ആര് വിദ്വേഷ കാമ്പയിന് നടത്തിയാലും പ്രതിപക്ഷവും യുഡിഎഫും അതിനെ എതിര്‍ക്കും. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകളെ യുഡിഎഫ് ഒരു പോലെ എതിര്‍ക്കും.
വെള്ളാപ്പള്ളിയെപ്പോലെ പരിണിത പ്രജ്ഞനായ ഒരാള്‍ അങ്ങനെ പറയരുത്. ശ്രീനാരായണ ഗുരുദേവനെ ജാതിമത വ്യത്യാസമില്ലാതെ ഹൃദയത്തിലേറ്റിയവരാണ് മലയാളികള്‍. അതേ ഗുരുദേവന്റെ പ്രസ്ഥാനത്തിന് നേതൃത്വം നല്കുന്ന അദ്ദേഹം ഗുരുദേവന് എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞത്, അത് പറയരുത്’- സതീശൻ പറഞ്ഞു.