ഉൾപ്പാർട്ടിയിൽ അടിതെറ്റിച്ചത് കണ്ണൂർ
Tuesday, July 22, 2025 3:48 AM IST
നിശാന്ത് ഘോഷ്
കണ്ണൂർ: സിപിഎമ്മിലെ ഉൾപാർട്ടി രാഷ്ട്രീയത്തിൽ വിഎസിന്റെ വാട്ടർലൂവായത് കണ്ണൂർ. പാർട്ടി നേതൃത്വവും സിഐടിയും തമ്മിലുള്ള പോരിൽ വി.എസിനൊപ്പം നായനാർ, പിണറായി ഉൾപ്പടെയുള്ള കണ്ണൂരിലെ പാർട്ടി നേതാക്കളൊക്കെ അണിനിരന്ന ഒരു കാലമുണ്ടായിരുന്നു. സിഐടിയു ശീതസമരത്തിൽ വി.എസിന്റെ വിശ്വസ്തനും വലം കൈയുമായിരുന്നു പിണറായി. 1998ലെ പാലക്കാട് സമ്മേളനം വരെ വി.എസിന്റെ നിഴലായിരുന്നു പിണറായി ഉൾപ്പടെയുള്ള കണ്ണൂരിലെ നേതാക്കൾ.
സാധാരണ ഗതിയിൽ പാർട്ടി സമ്മേളനത്തിൽ ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കാറില്ലെങ്കിലും പാലക്കാട് സമ്മേളനത്തിൽ കണ്ണൂരിൽ നിന്നുള്ള പി. ജയരാജൻ വി.എസ് പാനലിൽ മത്സരിച്ചാണ് സംസ്ഥാന ഭാരവാഹിത്വത്തിലേക്കെത്തിയത്. ഇന്നത്തെ കണ്ണൂരിലെ പ്രബലൻമാരെല്ലാം വി.എസിനൊപ്പമായിരുന്നുവെന്നതിന്റെ തെളിവായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ്.
എന്നാൽ, സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് പിണറായി പാർട്ടി സെക്രട്ടറിയായതോടെയാണ് ഉൾപ്പാർട്ടിയിലെ വി.എസ്-പിണറായി സമവാക്യം തെറ്റിത്തുടങ്ങിയത്. തുടർന്നങ്ങോട്ട് ഇരുപക്ഷങ്ങൾ രൂപപ്പെട്ടു. അന്നു വരെ വി.എസിനൊപ്പം അണിനിരന്ന കണ്ണൂരിലെ നേതാക്കളിൽ ബഹുഭൂരിപക്ഷവും വി.എസിനെ വിട്ട് പിണറായിക്കു പിന്നിൽ അണിനിരന്നു.
2002ൽ നടന്ന പാർട്ടി സമ്മേളനത്തിൽ പിണറായി പക്ഷം വി.എസ് പക്ഷത്തെ വെട്ടി നിരത്തി പാർട്ടിയെ കൈപ്പിടിയിലാക്കി. കണ്ണൂർ സമ്മേളനം കഴിഞ്ഞതോടെ ഉൾപ്പാർട്ടി ശീതസമരം കടുത്തുവെങ്കിലും പിണറായി പക്ഷത്തിന് മുന്നിൽ വി.എസിന് ഒന്നും ചെയ്യാനില്ലായിരുന്നു. എങ്കിലും പിണറായിയുടെ സ്വന്തം തട്ടകമായ കണ്ണൂരിലെ പലയിടത്തും വി.എസ് അനുകൂലികളുമുണ്ടായത് ചർച്ചയായിരുന്നു. പാർട്ടി മുഖപത്രത്തിൽ നിന്നുള്ള ചിലരും വി.എസിനൊപ്പം നിന്നത് പിണറായി പക്ഷത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതായിരുന്നു.
കണ്ണൂർ സമ്മേളനത്തിൽ നിന്ന് 2005ലെ മലപ്പുറം സമ്മേളനത്തിലേക്കുള്ള യാത്രയ് ക്കിടെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസം ശക്തമായി. 2005 ൽ നടന്ന മലപ്പുറം സമ്മേളനത്തോടെ പാർട്ടിക്കുള്ളിൽ പിണറായി പൂർണആധിപത്യം സ്ഥാപിച്ച് സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷമെന്ന വിലാസമുണ്ടാക്കിയെടുത്തു. 2005 ലെ മലപ്പുറം സമ്മേളനം മുതൽ 2008ലെ കോട്ടയം സമ്മേളനം വരെ പ്രതിപക്ഷമെന്ന നിലയിലെങ്കിലും പാർട്ടിക്കുള്ളിൽ വി.എസ് ഗ്രൂപ്പ് ശക്തമായിരുന്നു.
2012ലെ തിരുവനന്തപുരം സമ്മേളനത്തോടെ വി.എസിനൊപ്പമുള്ള അവശേഷിച്ച പലരും മറുകണ്ടം ചാടി. 2015 ലെ ആലപ്പുഴ സമ്മേളനത്തോടെ പാർട്ടിയെ പിണറായി കൈപ്പിടിയിലാക്കി. ഇതിൽ പ്രതിഷേധിച്ചും അതൃപ്തി പ്രകടിപ്പിച്ചും വിഎസ് സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
പാർട്ടിക്കുള്ളിൽ രണ്ട് പക്ഷങ്ങൾ രൂപപ്പെട്ടപ്പോൾ പിണറായിയെ വെല്ലുവിളിച്ച് കണ്ണൂരിൽ വി.എസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് ബർലിൻ കുഞ്ഞനന്തൻ നായരായിരുന്നു. കണ്ണൂരിലെ വി.എസിന്റെ മനഃസാക്ഷി സൂക്ഷിപ്പുക്കാരൻ കൂടിയായ ബർലിൻ വിഭാഗീയതയുടെ കാലത്ത് പിണറായിക്കെതിരെ കനത്ത വിമർശനങ്ങളായിരുന്നു നടത്തിയത്.
മുതലാളിത്തത്തിന്റെ ദത്തുപുത്രൻ എന്നായിരുന്നു ബർലിൻ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ തന്റെ ഒളികാമറകൾ പറയാത്തത് എന്ന പുസ്തകത്തിലൂടെ കുറ്റപ്പെടുത്തിയത്. പിണറായി തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രനാണെങ്കിൽ വി.എസ് തനത് പുത്രനാണെന്നും ബർലിൻ പറഞ്ഞു.
പിണറായിയെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച ബർലിൻ കുഞ്ഞനന്തൻ നായരെ 2005 മാർച്ച് മൂന്നിന് പാർട്ടിയിൽനിന്ന് പുറത്താക്കി. ബർലിനിന്റെ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ എതിർപ്പ് അവഗണിച്ച് മേൽക്കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു നടപടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടെങ്കിലും ബർലിനുമായുള്ള ബന്ധം വി.എസ് ശക്തമായി തുടർന്നു പോന്നു.
പുറത്താക്കപ്പെട്ട ബർലിനെ കാണാൻ പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ട് വി.എസ് വീട്ടിലെത്തുകയും ചെയ്തു. വീട്ടിൽനിന്ന് ഭക്ഷണം കഴിക്കാൻ വി.എസിന് പാർട്ടി വിലക്കേർപ്പെടുത്തിയതിനാൽ വി.എസ് വെള്ളം കുടിച്ച് മടങ്ങിയെന്നാണ് സന്ദർശനത്തെ കുറിച്ച് ബർലിൻ പിന്നീട് പറഞ്ഞത്.
ടി.പി. ചന്ദ്രശേഖരൻ വധത്തെ തുടർന്ന് ബർലിൻ ആർഎംപിയുമായി അടുത്തെങ്കിലും 2014 ഓടെ സിപിഎം അനുകൂല നിലപാടിലേക്ക് മാറി. ഒരുകാലത്ത് പിണറായിയെ അതിനിശിതമായി വിമർശിച്ച ബർലിൻ അവസാന കാലഘട്ടത്തിൽ വി.എസിനെ തള്ളി പിണറായിയാണ് ശരിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പാർട്ടിയിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ബർലിനെ 2015ൽ സിപിഎമ്മിൽ തിരിച്ചെടുത്തിരുന്നു.