ഐസ്ക്രീം പാര്‍ലര്‍ കേസിൽ കോടതിയില്‍ നേരിട്ട് ഹാജരായി വി.എസ്
Tuesday, July 22, 2025 3:48 AM IST
എം. ജയതിലകന്‍
കോഴിക്കോട്: പതിമൂന്നു വര്‍ഷംമുമ്പ് മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ആരോപണവിധേയനായ ഐസ്ക്രീം പാര്‍ലര്‍ കേസ് കത്തിനില്‍ക്കുന്ന സമയം.
കേസിന്റെ അന്തിമവിധി വരുന്നതിനുമുമ്പ് തന്റെ വാദംകൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് കോഴിക്കോട് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (നാല്) യില്‍ ഹര്‍ജിയുമായി എത്തി. നേരിട്ടാണ് അദ്ദേഹത്തിന്റെ വരവ്. 2012 ജൂലൈ ആറിനാണ് വി.എസ് കോടതിയില്‍ എത്തിയത്.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വി.എസിന്റെ ഇടപെടല്‍ ഉണ്ടായതിനാല്‍ കോടതി പരിസരമാകെ മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ചാനലുകള്‍ ലൈവ് സംപ്രേഷണത്തിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. പോരാട്ടത്തിന്റെ വഴികളില്‍ ആവേശം വിതറുന്ന വി.എസിനെ കാണാന്‍ വലിയൊരു ജനാവലിയും കോടതി പരിസരത്ത് തമ്പടിച്ചിരുന്നു.
വി.എസ് നേരിട്ടുതന്നെ ഹാജരാകണമെന്നു മജിസ്ട്രേറ്റ് നിര്‍ദേശിച്ചപ്രകാരമാണ് അദ്ദേഹം എത്തിയത്. പതിനൊന്നു മണിക്കുമുമ്പുതന്നെ വി.എസ് കോടതിയില്‍ എത്തിയിരുന്നു. തൊട്ടടുത്ത അഞ്ചാം കോടതിയില്‍ അദ്ദേഹത്തിനു ഇരിപ്പിടമൊരുക്കി.
നാലാം കോടതിയില്‍ നടപടികള്‍ ആരംഭിച്ചതോടെ വി.എസ് കോടതി ഹാളിലേക്കു കടന്നുവന്നു. ഇപ്പോള്‍ കുടുംബക്കോടതിയിലെ ജഡ്ജിയായ പി.ടി. പ്രകാശനാണ് അന്ന് നാലാം കോടതിയിലെ മജിസ്ട്രേറ്റ്. തൂവെള്ള ജൂബയിട്ട് വി.എസ് കടന്നുവന്നപ്പോള്‍ അഭിഭാഷകരെല്ലാം എഴുന്നേറ്റുനിന്നു.
ഹാളില്‍ നിശബ്ദത. കൂപ്പുകൈയോടെ അദ്ദേഹം കോടതിയെ വണങ്ങി. വി.എസിനോട് ഇരിക്കാന്‍ മജിസ്ട്രേറ്റ് പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ അതു നിരാകരിച്ചു. വി.എസിനുവേണ്ടി മുന്‍ നിരയിലെ ഇരിപ്പിടം അദ്ദേഹത്തിന്റെ അഭിഭാഷകനായ പി. രജീവ് ഒഴിഞ്ഞുകൊടുത്തു. അദ്ദേഹം അതും സ്വീകരിച്ചില്ല.
പതിനഞ്ചു മിനിറ്റിലേറെ സമയം നിന്നുകൊണ്ട് അദ്ദേഹം കോടതി നടപടിക്രമങ്ങളില്‍ ഭാഗഭാക്കായി. മജിസ്ട്രേറ്റിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ചശേഷമാണ് വി.എസ് മടങ്ങിയത്.1997ലാണ് ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ തുടക്കം. അന്നുതൊട്ട് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രിംകോടതിവരെ അദ്ദേഹം നിയമയുദ്ധവുമായി മുന്നോട്ടുപോയിരുന്നു.