മതവിദ്വേഷം വളർത്തുന്ന നീക്കങ്ങൾ ഉണ്ടാകരുത്: മന്ത്രി വി.എന്‍. വാസവൻ
Tuesday, July 22, 2025 3:48 AM IST
കോട്ടയം: മതവിദ്വേഷമോ മതസ്പര്‍ധയോ വളര്‍ത്തുന്ന നീക്കങ്ങള്‍ ആരില്‍നിന്നും ഉണ്ടായിക്കൂടെന്ന് മന്ത്രി വി.എന്‍. വാസവന്.
വെള്ളാപ്പള്ളി നടേശന്റെ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വളരെ വ്യക്തമായ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. താന്‍കൂടി ഉള്‍പ്പെട്ട സെക്രട്ടേറിയറ്റാണത്. എപ്പോഴും മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്. നാല് വോട്ടിനുവേണ്ടി ആ നിലപാട് മാറ്റില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
വൈക്കം സെമിത്തേരി പ്രശ്നത്തിലും മറ്റും വെള്ളാപ്പള്ളി നടേശന് തങ്ങളെ നേരിട്ടെതിര്ത്തിട്ടുണ്ട്. വേദിയിലിരിക്കെ വിമര്‍ശിച്ചിട്ടുണ്ട്.
നിര്‍ഭയമായി പറയുന്നയാള്‍ എന്നു താന്‍ പറഞ്ഞത് വെള്ളാപ്പള്ളിയുടെ ഈ ശൈലിയെക്കുറിച്ചാണ്. അതിനപ്പുറം വ്യാഖ്യാനം അതിനു കൊടുക്കേണ്ടതില്ല. അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിലാണ് ഇതു പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.