മൂന്നാർ ദൗത്യം: വിഎസ് ഗർജിച്ചത് മൂന്നു പൂച്ചകളിലൂടെ
Tuesday, July 22, 2025 3:47 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: വിഎസിന്റെ പോരാട്ടത്തിന്റെ ചൂടുംചൂരും കേരളം തൊട്ടറിഞ്ഞത് മതികെട്ടാൻ കൈയേറ്റത്തിലും മൂന്നാർ ദൗത്യത്തിലും മുല്ലപ്പെരിയാർ, പെന്പിള ഒരുമൈ സമരത്തിലുമാണ്.
1958ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കുടിയേറ്റ മണ്ണിൽ ആദ്യമായി വിഎസ് കാലുകുത്തിയത്. 2006-ൽ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മൂന്നാർ ഒഴിപ്പിക്കലിന്റെ ഭാഗമായി വിഎസ് അയച്ച ‘"മൂന്നു പൂച്ചകൾ’’ ഇടുക്കിയിലെത്തിയതോടെ എല്ലാ കണ്ണുകളും ഇവിടേക്ക് തിരിഞ്ഞു.
2007 മേയ് 13നാണ് കെ. സുരേഷ്കുമാർ, ഐജി ഋഷിരാജ്സിംഗ്, ജില്ലാ കളക്ടർ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിൽ മൂന്നാറിൽ ഇടിച്ചുനിരത്തൽ ആരംഭിച്ചത്. 25 ദിവസത്തിനിടെ 96 കെട്ടിടങ്ങൾ വിഎസിന്റെ കർക്കശ നിലപാടിൽ നിലംപരിശായി. ഇതിനു പുറമെ 11,350 ഏക്കർ സർക്കാർ ഭൂമി പിടിച്ചെടുക്കുകയും ചെയ്തു.
മൂന്നാർ ദൗത്യത്തിനെതിരേ പാർട്ടിയിൽ നിന്നുൾപ്പെടെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നെങ്കിലും വിഎസ് തെല്ലും കൂസിയില്ല. തന്റെ തീരുമാനത്തിൽനിന്നു അണുവിട വ്യതിചലിക്കാൻ തയാറല്ലെന്ന നിലപാടായിരുന്നു ഇദ്ദേഹത്തിന്റേത്. മൂന്നാറിലെ സിപിഎം, സിപിഐ ഓഫീസുകൾ അനധികൃതമായി നിർമിച്ചതാണെന്നു വാർത്ത പരന്നതോടെ സ്വന്തം പാർട്ടിയിലെ നേതാക്കൾ അപകടം മണത്തു.
സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണിയും ദേവികുളം എംഎൽഎയായിരുന്ന എസ്.രാജേന്ദ്രനും ഇടിച്ചുനിരത്തലിനെതിരേ പരസ്യനിലപാടുമായി അങ്കത്തിനിറങ്ങി. ഇതിനുപുറമെ ജനങ്ങളും വ്യാപാരികളും എതിർപ്പുമായി രംഗത്തുവരികയും ചെയ്തു. ഇവരുടെ നേതൃത്വത്തിൽ സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കി.
സ്വന്തം പാർട്ടിയിൽനിന്നു പിന്തുണ ലഭിക്കാതെ വന്നതോടെ വിഎസ് മൂന്നാർ ദൗത്യത്തിൽ ഒറ്റപ്പെട്ടു. ഇതോടെ ദൗത്യത്തിനായി നിയോഗിച്ച മൂന്നുപൂച്ചകളുടെയും കരുത്ത് ചോർന്നു. കാര്യങ്ങൾ തലകീഴായി മറിഞ്ഞതോടെ പൂച്ചകളെ തിരിച്ചുവിളിക്കേണ്ട അവസ്ഥയും സംജാതമായി.
ഇതിനിടെ വിഎസ് പക്ഷത്തായിരുന്ന സിപിഎം ജില്ലാ കമ്മിറ്റി 2007-ലെ ജില്ലാ സമ്മേളനത്തോടെ പിണറായി പക്ഷത്തേക്ക് കൂറുമാറുകയും ചെയ്തു. 2016 ഏപ്രിൽ 16നു നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് വിഎസ് ഒടുവിൽ ഇവിടെയെത്തിയത്.
മതികെട്ടാൻ കൈയേറ്റം വിവാദത്തിന്റെ കൊടുമുടി കയറിയപ്പോൾ പുന്നപ്ര സമരനായകനായ വിഎസ്. ഇതിനെതിരേ സന്ധിയില്ലാ പോരാട്ടവുമായി ആയിരങ്ങൾക്കൊപ്പം കിലോമീറ്ററുകൾ നടന്ന് മലകയറിയതും കേരള ചരിത്രത്തിലെ അവിസ്മരണീയമായ സംഭവമായി.
2003-ൽ മതികെട്ടാനിലെ 1281.74 ഹെക്ടർ സ്ഥലം ദേശീയോദ്യാനമായി പ്രഖ്യാപിക്കാനും വിഎസിന്റെ ഇടപെടലിലൂടെ കഴിഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം, പുതിയ കരാർ എന്ന മുദ്രാവാക്യവുമായി നടന്ന പ്രക്ഷോഭം ചരിത്രത്തിൽ ഇടം നേടിയതും വിഎസിന്റെ ഇടപെടലോടെയാണ്.
1990 മുതൽ പലവട്ടം അദ്ദേഹം മുല്ലപ്പെരിയാറിലെത്തി. മുഖ്യമന്ത്രിയായിരിക്കെ 2006 നവംബർ 18നു വീണ്ടും ഇവിടെയെത്തി സംസ്ഥാനത്തിന് എതിരായ റിപ്പോർട്ടിനെതിരേ ആഞ്ഞടിച്ചു. 2011-ൽ ചപ്പാത്തിലെ മുല്ലപ്പെരിയാർ സമരപന്തലിൽ അന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസ് എത്തിയിരുന്നു. മൂന്നാറിലെ പെന്പിള ഒരുമൈ സമരം അവസാനിച്ചത് അദ്ദേഹം നേരിട്ടെത്തി ഇടപെടൽ നടത്തിയതോടെയാണ്.
മറ്റു നേതാക്കളോട് സമരക്കാർ മുഖം തിരിച്ചെങ്കിലും 2015 സെപ്റ്റംബർ 13നു ഇവിടെ എത്തിയ പ്രതിപക്ഷ നേതാവ് വിഎസിനെ അവർ ആവേശത്തോടെ സ്വീകരിച്ചു. ഇതോടെ സർക്കാർ ഉണർന്നു. വിഎസ് സമരപ്പന്തലിൽ ഇരിക്കെത്തന്നെ പ്രശ്നം ഒത്തുതീർപ്പാക്കി. കല്ലാർകുട്ടി പാലം നിർമിക്കുന്നതിനു വിഎസ് നൽകിയ സംഭാവനയും ഇടുക്കിക്ക് വിസ്മരിക്കാനാകില്ല.
നിരവധി ഭരണാധികാരികൾ കേരളത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും വിഎസിനു പകരം വിഎസ് മാത്രമേയുള്ളൂ. സ്വന്തം നിലപാടുകളിൽ അൽപ്പംപോലും വിട്ടുവീഴ്ച ചെയ്യാത്ത ഭരണാധികാരിയെന്ന പേര് വിഎസിനു മാത്രം സ്വന്തം.