മലന്പുഴയുടെ വിഎസ്; വിഎസിന്റെ മലന്പുഴ
Tuesday, July 22, 2025 3:47 AM IST
ജിമ്മി ജോർജ്
പാലക്കാട്: പാർട്ടിയും മണ്ഡലങ്ങളും പലപ്പോഴും കൈവിട്ടപ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായനായ വിഎസിന്റെ പിന്നിൽ അടിയുറച്ചുനിന്നു ചരിത്രത്തിലേക്കു നടന്നുകയറിയ നാമമാണ് മലന്പുഴ.
1996ൽ മാരാരിക്കുളത്തെ തോൽവിക്കുശേഷം 2001 ൽ മലന്പുഴയുടെ മണ്ണിലേക്കു വിഎസ് കാൽകുത്തുന്പോൾ ഒരു പുതിയ ചരിത്രത്തിനും ഹൃദയബന്ധത്തിനും തുടക്കമാകുകയായിരുന്നു. അന്നു മലന്പുഴയുടെയും അതുവഴി കേരളത്തിന്റെയും കണ്ണുംകരളുമായ വിഎസിനെ മികച്ച രാഷ്ട്രീയപോരാളിയായി മാറ്റിയതിൽ മലന്പുഴയിലെ ജനങ്ങളുടെ സ്നേഹത്തിനു വലിയ പങ്കുണ്ട്.
പ്രതിസന്ധികാലഘട്ടത്തെ അതിജീവിക്കാൻ 2001 ൽ മലന്പുഴയിലെത്തിയതുമുതൽ സജീവരാഷ്ട്രീയത്തോടു വിടപറയുന്നതുവരെ ഒരിക്കലും കൈവിടാതെ മലന്പുഴ വിഎസിനെ ചങ്കിലേറ്റി, കേരളരാഷ്ടീയത്തിൽ തിളങ്ങുന്ന നക്ഷത്രമായി സൂക്ഷിച്ചു.
‘കുളം കൈവിട്ട വിഎസിനെ പുഴ രക്ഷപ്പെടുത്തി’യെന്നാണ് രാഷ്ട്രീയ എതിരാളികൾ അക്കാലത്തു പ്രചരിപ്പിച്ചിരുന്നത്. മലന്പുഴയിൽ നാലുതവണ മത്സരിച്ചപ്പോഴും വിഎസിന്റെ വിജയത്തിൽ സംശയങ്ങളേതും എതിരാളികൾക്കുപോലും ഉണ്ടായിരുന്നില്ല. 2011 ൽ വിഎസിനു പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ ആദ്യമായി പ്രതിഷേധം ഉയർന്നതു മലന്പുഴ മണ്ഡലത്തിലായിരുന്നു.
ആ പ്രതിഷേധം കേരളത്തിലുടനീളം കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ മലന്പുഴയിൽ പാർട്ടിക്കു വിഎസിനെ മത്സരിപ്പിക്കേണ്ടിവന്നു. രണ്ടുതവണ പ്രതിപക്ഷ നേതൃസ്ഥാനത്തും ഒരു തവണ മുഖ്യമന്ത്രിസ്ഥാനത്തും ശോഭിക്കാൻ മലന്പുഴയിലെ ജനങ്ങളുടെ സ്നേഹത്തിൽ വിഎസിനു കഴിഞ്ഞു.