ഡാറ്റാ സുരക്ഷ: ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപിയും
Tuesday, July 22, 2025 3:47 AM IST
കൊച്ചി: വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ഇനി ലോഗിന്‍ ചെയ്യുന്നതിനു പാസ്വേഡിനുപുറമേ ഒടിപിയും നല്‍കണം.
28 മുതല്‍ ഇതു നടപ്പാക്കാന്‍ ഒരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. സമ്പൂര്‍ണ പോര്‍ട്ടലിലെ ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ടൂ ഫാക്ടര്‍ ഓഥന്റിക്കേഷന് (പാസ്വേഡ്, ഒടിപി) സംവിധാനം നിലവില്‍വരുന്നത്.
ഒരു വിദ്യാര്‍ഥിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും സമ്പൂര്‍ണ പോര്‍ട്ടലില്‍ ഉണ്ടാകും. കുട്ടിയുടെ അഡ്മിഷനും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും സമ്പൂര്‍ണ പോര്‍ട്ടല്‍ വഴിയാണ്.
പ്രഥമാധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, സംസ്ഥാനതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ മൊബൈലിലോ ഇ-മെയിലിലോ ലഭിക്കുന്ന ഒടിപിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനിമുതല്‍ ലോഗിന്‍ സാധ്യമാകുകയുള്ളൂ. അതുകൊണ്ടുതന്നെ സമ്പൂര്‍ണയില്‍ ഓഫീസര്‍മാര്‍ അവരവരുടെ മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും കൃത്യമാക്കേണ്ടതുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.