കാലിക്കട്ട് യൂണിവേഴ്സിറ്റി; സെനറ്റ് യോഗം വീണ്ടും മുടങ്ങി
Sunday, July 20, 2025 2:33 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ എൽഡിഎഫ്-യുഡിഎഫ് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സെനറ്റ് യോഗം വീണ്ടും മുടങ്ങി. അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റവും പ്രതിഷേധവും രൂക്ഷമായതോടെ തുടക്കത്തിൽതന്നെ സെനറ്റ് യോഗം അലങ്കോലമാവുകയായിരുന്നു.
എസ്എഫ്ഐക്കാർക്കെതിരായ സസ്പെൻഷൻ നടപടി മരവിപ്പിച്ചതിനെ ചോദ്യം ചെയ്ത് സെനറ്റംഗം വി.കെ.എം. ഷാഫിയാണ് സെനറ്റിൽ ആദ്യം ശബ്ദമുയർത്തിയത്. ഇതോടെ ഇടത് സിൻഡിക്കറ്റ് അംഗങ്ങളും സെനറ്റംഗങ്ങളും പ്രതികരിച്ചു.
യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരെ മർദിച്ചവർക്കെതിരേ നടപടിയെടുക്കുക, മൈനർ കോഴ്സ് തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം ലീഗ് അനുകൂല സർവീസ് സംഘടനയായ സികെസിടി സെനറ്റിൽ ബാനർ ഉയർത്തിയപ്പോൾ ‘വേടനെ ഭയക്കുന്ന വിസി, ആർഎസ്എസ് ഏജന്റ്, തോറ്റ വിദ്യാർഥിയെ വിജയിപ്പിക്കുന്ന മാന്ത്രികൻ വിസി’ എന്നെഴുതിയ കറുത്ത ബാനർ ഉയർത്തിയായിരുന്നു ഇടത് അംഗങ്ങളുടെ പ്രതിഷേധം.
ഇരുവിഭാഗവും സഭയുടെ നടുത്തളത്തിൽ ഇറങ്ങി. ഒടുവിൽ ഇരുകൂട്ടരും സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വിസിയുടെ ചേംബറിലേക്ക് പ്രതിഷേധവുമായി എത്തി. പ്രതിഷേധം അതിരുവിടുകയും കൂടുതൽ സമ്മർദത്തിലാകുകയും ചെയ്തതോടെ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് വിസി സീറ്റിൽനിന്ന് എഴുന്നേറ്റു. ഇതോടെ പോകാൻ അനുവദിക്കാതെ ഇടത് അംഗങ്ങൾ വിസിയെ തടഞ്ഞു.
സിൻഡിക്കറ്റ് അംഗം അഡ്വ. എം.ബി. ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിസി ഒളിച്ചോടുകയാണെന്ന് ഇവർ ആരോപിച്ചു. വിസി സെനറ്റ് ഹൗസ് വിട്ടതോടെ പുറത്തിറങ്ങിയ ഇരുവിഭാഗം അംഗങ്ങളും സെനറ്റ് ഹൗസിനു മുന്നിലും സർവകലാശാലാ ഭരണകാര്യാലയത്തിന് മുന്നിലും പ്രതിഷേധിച്ചു.