ഇടുക്കിയിൽ നീരൊഴുക്ക് ശക്തം; വൈദ്യുതി ഉത്പാദനം പരമാവധിയിലേക്ക് ഉയർത്തി
Sunday, July 20, 2025 2:33 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: മഴ വീണ്ടും ശക്തമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. 2363.38 അടിയാണ് ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 58 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിൽ 2354.03 അടി വെള്ളമാണുണ്ടായിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 9.35 അടിവെള്ളം നിലവിൽ കൂടുതലുണ്ട്.
വലിയ അണക്കെട്ടുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിൽ 59 ശതമാനവും ഗ്രൂപ്പ് രണ്ടിൽ 81 ശതമാനവും ഗ്രൂപ്പ് മൂന്നിൽ 72 ശതമാനവും ഉൾപ്പെടെ വൈദ്യുതി ബോർഡിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 62 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം 51 ശതമാനം വെള്ളമാണുണ്ടായിരുന്നത്. മണ്‍സൂണ്‍ ഒന്നരമാസം പിന്നിടുന്പോൾ അണക്കെട്ടിലെ ജലനിരപ്പ് ഭേദപ്പെട്ട നിലയിലാണ്.
കാലവർഷത്തിനു പിന്നാലെ തുലാവർഷംകൂടി എത്തുന്നതോടെ അണക്കെട്ട് നിറയാനുള്ള സാധ്യത ഇത്തവണ കൂടുതലാണ്. ഈ സാഹചര്യം മുൻനിർത്തി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം പരമാവധി വർധിപ്പിച്ചിരിക്കുകയാണ്. 18 ദശലക്ഷം യൂണിറ്റാണ് ഇവിടുത്തെ പരമാവധി ഉത്പാദനശേഷി.
ഇന്നലെ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിച്ച 16.98 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. സംസ്ഥാനത്ത് 76.382 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ ആഭ്യന്തര ഉപഭോഗം. ഇതിൽ 46.860 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ 29.522 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചു.