ആദ്യം രാജ്യം, പിന്നെയാകട്ടെ പാര്‍ട്ടി: തരൂര്‍
Sunday, July 20, 2025 2:32 AM IST
കൊച്ചി: ദേശീയസുരക്ഷയുടെ കാര്യത്തില്‍ ചില സാഹചര്യങ്ങളില്‍ മറ്റു പാര്‍ട്ടികളുമായി സഹരിക്കേണ്ടിവരുമെന്ന് ശശി തരൂര്‍ എംപി. ഇതു തന്റെ പാര്‍ട്ടിയോടുള്ള വിധേയത്വമില്ലായ്മയായി ചിത്രീകരിച്ചേക്കാം.
ആദ്യം പ്രാധാന്യം നല്കേണ്ടതു രാജ്യത്തിനാണെന്നും പിന്നീടാണു പാര്‍ട്ടിയുടെ കാര്യം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ-ഓപ്പറേഷന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയില്‍ ‘സമാധാനവും ഐക്യവും ദേശീയ വികസനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ലക്ഷ്യം. താന്‍ സംസാരിച്ചത് രാജ്യത്തിനുവേണ്ടിയാണ്. ഇതില്‍ പലരും തന്നെ വിമര്‍ശിക്കുന്നുണ്ട്.
പക്ഷേ താന്‍ ചെയ്തതു രാജ്യത്തിനുവേണ്ടിയുള്ള ശരിയായ കാര്യമാണ്. എല്ലാ ഇന്ത്യക്കാര്ക്കുംവേണ്ടിയാണു താന്‍ സംസാരിച്ചത്. തന്റെ പാര്‍ട്ടിക്കാര്‍ക്കുവേണ്ടി മാത്രമല്ലെന്നും തരൂര്‍ പറഞ്ഞു. ‘ഇന്ത്യ മരിക്കുമ്പോള്‍ ആരാണു ജീവിച്ചിരിക്കുക’ എന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. സംഘടന പ്രസിഡന്റ് ഡോ. പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
ഗാന്ധി കുടുംബത്തിനെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്ന് തരൂർ
അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനത്തില്‍ ഗാന്ധി കുടുംബത്തിനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നു ശശി തരൂര്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. 1997ല്‍ താന്‍ എഴുതിയ പുസ്തകത്തില്‍ ഈ കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്.
നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. മുഖ്യമന്ത്രി സര്‍വേയെക്കുറിച്ച് ആ സര്‍വേ നടത്തിയവരോടു ചോദിക്കണം. മുഖ്യമന്ത്രിസ്ഥാനാര്ഥിയാണോ എന്ന ചോദ്യത്തിന്, താനിപ്പോള്‍ പാര്ലമെന്റേറിയന് അല്ലേയെന്നാണ് തരൂര്‍ പ്രതികരിച്ചത്.
കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കാത്തതിന് മറ്റു കാരണങ്ങളില്ല. ഇന്നു പങ്കെടുത്ത രണ്ടു പരിപാടികളും നേരത്തേ നിശ്ചയിച്ചതാണ്. രണ്ടു പരിപാടികള്‍ക്കും തന്നെ ക്ഷണിച്ചിരുന്നതാണെന്നും തരൂര്‍ പറഞ്ഞു.