സര്‍ക്കാര്‍ നടത്തുന്നത് മുസ്ലിം പ്രീണനം: വെള്ളാപ്പള്ളി നടേശന്
Sunday, July 20, 2025 2:32 AM IST
കോട്ടയം: സര്‍ക്കാര്‍ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി അനുവാദം വാങ്ങിയില്ലെങ്കില്‍ നടക്കില്ലെന്ന അവസ്ഥയായെന്നും വൈകാതെ കേരളത്തില്‍ മുസ്ലിംകള് ഭൂരിപക്ഷമാകുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
കോട്ടയം യൂണിയനിലെ ശാഖകളുടെ നേതൃസംഗമത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു വെള്ളാപ്പള്ളി. സൂംബയിലും സ്കൂള്‍ സമയമാറ്റത്തിലുമെല്ലാം ഇടപെടലുകള്‍ ഉണ്ടാകുന്നു.
കേരളത്തില്‍ കാന്തപുരം മുസലിയാര്‍ പറയുന്നതു മാത്രം നോക്കി ഭരിച്ചാല്‍ മതിയെന്ന നിലയിലെത്തി. കേരളത്തിലേത് മതേതരത്വമല്ല മതാധിപത്യമാണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ നിയോജകമണ്ഡലങ്ങള്‍ കുറച്ചപ്പോള്‍ മലപ്പുറത്തു നാല് സീറ്റുകളാണു കൂടിയത്.
കേരളത്തില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നു. മുഖ്യമന്ത്രിസ്ഥാനമാണ് ലീഗ് ലക്ഷ്യമിടുന്നത്. മലപ്പുറത്ത് പോയി സത്യങ്ങള്‍ തുറന്നുപറഞ്ഞതിന് മുസ്ലിംകൾ ഒറ്റക്കെട്ടായാണു തന്നെ ആക്രമിച്ചത്. പിന്നീട് മുഖ്യമന്ത്രി പിന്തുണച്ചതോടെയാണ് എല്ലാവരും നാവടക്കിയത്.
പേരില്‍ പോലും ജാതിയുള്ള കാലത്ത് ഈഴവര്‍ ജാതിയെപ്പറ്റി പറഞ്ഞാല്‍ ഗുരുദര്‍ശനം തെറ്റായി വ്യാഖ്യാനിച്ച് പ്രതിരോധിക്കാന്‍ വരും. വ്യവസായ മേഖലയില്‍ മുസ്ലിം ആധിപത്യമാണ്.
വിദ്യാഭ്യാസ മേഖല ക്രിസ്ത്യന്‍ സമുദായം കുത്തകയാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഈഴവര്‍ക്ക് പ്രാതിനിധ്യമുള്ളത്.
കോട്ടയം ചില സമുദായങ്ങളുടെ കുത്തകയാണ്. കേരളത്തില്‍ ഈഴവ സമുദായത്തിന് മൊത്തമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു സമുദായത്തിനു കോട്ടയത്തു മാത്രമുണ്ട്. ഈഴവര്‍ ഒരുമിച്ചു നിന്നാല്‍ കേരളം ഭരിക്കാനുള്ള ശക്തിയുണ്ട്. ഈഴവര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ അധികാരത്തിലെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.