നിയമനം നിയമക്കുരുക്കില്‍; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുതന്നെ
Sunday, July 20, 2025 2:32 AM IST
കോഴിക്കോട്: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളില്‍ നിയമനം നടക്കുന്നില്ല.
സംസ്ഥാനത്ത് അറുന്നൂറോളം ഒഴിവുകളാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സീനിയോറിറ്റി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്.
ഒമ്പത് മാസം മുമ്പ് നിലവില്‍ വന്ന പിഎസ്സി റാങ്ക് ലിസ്റ്റില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് രണ്ടായിരത്തോളം ഉദ്യോഗാര്‍ഥികളുണ്ട്. 1837 ഒഴിവുണ്ട്. എന്നാല്‍ ഇതുവരെ കോഴിക്കോട്-ഏഴ്, ആലപ്പുഴ-15, കോട്ടയം-32, എറണാകുളം-മൂന്ന്, പാലക്കാട്-ഒന്ന്, മലപ്പുറം-മൂന്ന്, വയനാട്-രണ്ട്, കണ്ണൂര്‍-മൂന്ന്, പത്തനംതിട്ട-ഏഴ്, എന്നിങ്ങനെ 73 നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 32 പേരെ നിയമിച്ചതൊഴിച്ചാല്‍ മറ്റു ജില്ലകളില്‍ നിയമനം നാമമാത്രം. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒരാളെ പോലും നിയമിച്ചിട്ടില്ല. ഇതോടെ പലയിടത്തും ആള്‍ക്ഷാമം കാരണം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കുകയാണ്. സീനിയോറിറ്റി തര്‍ക്കവുമായി ബന്ധപ്പെട്ട് കേസുള്ളതിനാല്‍ ഒഴിവുകളില്‍ നിയമനം നടത്താനാവുന്നില്ലെന്നാണു പറയുന്നത്.