മൂലമറ്റത്ത് രണ്ടാം വൈദ്യുതിനിലയം: കേന്ദ്രാനുമതി വൈകുന്നു
Sunday, July 20, 2025 2:32 AM IST
ജോയി കിഴക്കേൽ
മൂലമറ്റം: പവർ ഹൗസിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന 2028-ൽ ഭൂഗർഭത്തിലെ മറ്റൊരു ഊർജവിസ്മയമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ അനന്തമായി നീളുന്നു.
2023-ൽ നിർമാണം ആരംഭിച്ച് അഞ്ചു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 200 മെഗാവാട്ടിന്റെ നാലു ജനറേറ്ററുകൾ സ്ഥാപിച്ച് 800 മെഗാവാട്ട് വൈദ്യുതി ഉത്പാദനമായിരുന്നു വിഭാവനം ചെയ്തിരുന്നത്.
ഇതിനായി നിലവിലുള്ള പവർ ഹൗസിനു സമീപം മറ്റൊരു ഭൂഗർഭ നിലയം സ്ഥാപിക്കുന്നതിനായിരുന്നു തീരുമാനം. കുളമാവ് ഡാമിൽനിന്നും നിലവിലുള്ള ടണലിനോടു ചേർന്ന് പുതിയ ടണൽ നിർമിച്ചായിരുന്നു വെള്ളം എത്തിക്കേണ്ടിയിരുന്നത്. പീക്ക് ലോഡ് സമയത്ത് രണ്ടു വൈദ്യുതിനിലയവും ഒരുമിച്ചു പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. ‘ഇടുക്കി സുവർണ ജൂബിലി പ്രോജക്ട്’ എന്നാണ് ഇതിനു പേരു നൽകിയിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസിന്റെ നേതൃത്വത്തിലായിരുന്നു സാധ്യതാ പഠനം നടത്തിയത്.
2021ലാണ് പഠനം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മൂലമറ്റം-തൊടുപുഴയാറിൽ വാട്ടർ ലെവൽ സർവെ, വൈദ്യുതി ബോർഡ്, ജലവിഭവം, റവന്യു, വനം, ജിയോളജി വകുപ്പുകളിൽനിന്ന് ഡേറ്റാ ശേഖരണവും പവർ ഹൗസിനായി ഏറ്റെടുക്കേണ്ട സ്വകാര്യ-വനംഭൂമി സംബന്ധിച്ച സർവേയും നടത്തിയിരുന്നു.
രണ്ടാംഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും 2,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നാടുകാണി മലയിൽനിന്നും പവർ ഹൗസിലേക്ക് വെള്ളമെത്തിക്കുന്നതിന് മല തുരന്ന് ടണൽ നിർമിക്കേണ്ട ഭാഗത്തെ പാറയുടെ ഘടന സംബന്ധിച്ച പഠനവും പൂർത്തിയാക്കിയിരുന്നു. ഇതേത്തുടർന്ന് വൈദ്യുതിബോർഡിന്റെ ഫുൾബോർഡ് യോഗം ചേർന്ന് അംഗീകരിച്ച പദ്ധതി സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് കഴിഞ്ഞ വർഷം കേന്ദ്ര വൈദ്യുതി, വനം-പരിസ്ഥിതി മന്ത്രാലയങ്ങൾക്ക് സമർപ്പിച്ചിരുന്നതായി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
എന്നാൽ അന്തിമ പരിസ്ഥിതി അനുമതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽനിന്നും ഇതുവരെയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കേരളത്തിന്റെ കെടാവിളക്ക് എന്നറിയപ്പെടുന്ന മൂലമറ്റം വൈദ്യുതി നിലയത്തോട് ചേർന്ന് സുവർണ ജൂബിലി വർഷമായ 2028-ൽ രണ്ടാം വൈദ്യുതി നിലയമെന്ന സ്വപ്നം യാഥാർഥ്യമാകാൻ സാധ്യതയില്ല. നിലവിൽ 130 മെഗാവാട്ട് വീതമുള്ള ആറു ജനറേറ്ററുകളിൽനിന്ന് 780 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.