തട്ടേക്കാട്ടും കാട്ടാന ആക്രമണം: വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, പശുവിനെ എടുത്തെറിഞ്ഞു
Thursday, February 27, 2025 2:15 AM IST
കോതമംഗലം: തട്ടേക്കാട് കൂട്ടിക്കൽ ഭാഗത്ത് പശുവിനെ മാറ്റിക്കെട്ടാൻ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കാട്ടാന അടുത്തേക്ക് പാഞ്ഞടുത്തതോടെ വീട്ടമ്മ ഓടി രക്ഷപ്പെടുകയായിരുന്നു. ആനയുടെ കുത്തേറ്റ് പശുവിനു ഗുരുതരമായി പരിക്കേറ്റു.
കീരംപാറ പഞ്ചായത്തിലെ ഒന്നാം വാർഡ് ചേലമല കിളിക്കൂട് റിസോർട്ടിന് സമീപം ചിറന്പാട്ട് രവിയുടെ ഭാര്യ തങ്കമ്മ(45)യാണ് ഒറ്റക്കൊന്പന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം.
കോതമംഗലം നെടുന്പിള്ളി എബിയുടെ ഉടമസ്ഥതയിലുള്ള പറന്പിലാണു തങ്കമ്മ പശുവിനെ കെട്ടിയിരുന്നത്. പശുവിനെ മാറ്റിക്കെട്ടാനായി ചെന്നപ്പോൾ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയുമായി അഞ്ച് അടി മാത്രമേ അകലമുണ്ടായിരുന്നുള്ളൂ എന്ന് തങ്കമ്മ പറഞ്ഞു.
ആനയെ കണ്ടയുടൻ ഭയന്നു നിലവിളിച്ച് 100 മീറ്റർ അകലെയുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തങ്കമ്മ രവിയോടു സംഭവം പറയുകയും തുടർന്ന് വനം വാച്ചറെ വിവരം വിളിച്ചറിയിച്ചു. ഉടൻ വാച്ചർമാർ സ്ഥലത്തെത്തി ആനയെ തുരത്തി.
പശുവിനെ ആന എടുത്തെറിയുകയും കുത്തുകയും ചെയ്തു. സാരമായി മുറിവേറ്റ പശു രക്തംവാർന്ന നിലയിലായിരുന്നു. പഞ്ചായത്ത് ഇടപെട്ട് കോതമംഗലത്തുനിന്നു വൈകുന്നേരത്തോടെ വെറ്ററിനറി ഡോക്ടറെത്തി പശുവിനു ചികിത്സ നൽകി.
ചേലമലയിലേക്ക് ഓടിക്കയറിയ ആനയെ പ്രദേശത്തുനിന്നു തുരത്തണമെന്ന ആവശ്യം ശക്തമാണ്. മേഖലയിൽ പതിവായി ഈ ആന നാശനഷ്ടമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.