സിനിമാ തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്
Thursday, February 27, 2025 2:15 AM IST
കൊച്ചി: ഫിലിം ചേംബറിന്റെ നോട്ടീസിനു പിന്നാലെ നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു.
ഏഴു ദിവസത്തിനകം പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നു ചൂണ്ടിക്കാട്ടിയുള്ള ഫിലിം ചേംബറിന്റെ നോട്ടീസ് കൈപ്പറ്റിയതിനു പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്.
തര്‍ക്കം മോഹന്‍ലാല്‍ ചിത്രം എന്പുരാന്റെ റിലീസിന് ഉള്‍പ്പെടെ പ്രശ്നമായേക്കുമെന്നു കണ്ടതോടെയാണ് പിന്മാറ്റം. മാത്രമല്ല സിനിമാമേഖലയാകെ സ്തംഭിക്കുന്ന സാഹചര്യത്തിലേക്കും തര്‍ക്കം എത്തിയിരുന്നു.
പോസ്റ്റ് പിന്‍വലിച്ചതോടെ ആന്റണി-സുരേഷ് തര്‍ക്കം ഒത്തുതീര്‍പ്പായി. ഒപ്പം സിനിമയിലെ തര്‍ക്കങ്ങളും സമരനീക്കവും ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്. ജേക്കബും വ്യക്തമാക്കി.