കെ. സുധാകരനെ മാറ്റേണ്ടെന്നു തരൂര്‍
Thursday, February 27, 2025 2:15 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റണമെന്ന ആവശ്യത്തോടു തനിക്കു വ്യക്തിപരമായി യോജിപ്പില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ എംപി.
കാലങ്ങളായുള്ള വിജയങ്ങളുടെ ഉത്തരവാദിത്വം കെ. സുധാകരന് അവകാശപ്പെട്ടതാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ചു എന്നു പറയുന്നു. ഇതിനൊപ്പം മാറ്റണമെന്നു പറയുന്നു.
കെപിസിസി പ്രസിഡന്റിന്റെ മാറ്റവുമായി ബന്ധപ്പെട്ട് എന്നോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ല. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അഭിപ്രായം പറയും.
കേരളത്തിലെ പാര്‍ട്ടിയില്‍ ഐക്യം വേണം അല്ലാതെ പാര്‍ട്ടി എങ്ങനെ മുന്നോട്ടുപോകും. കേരളത്തിലെ കോണ്‍ഗ്രസിലെ ഐക്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാളത്തെ ഡല്‍ഹി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു.
15 ദിവസംകൊണ്ട് തന്റെ അഭിപ്രായത്തില്‍ മാറ്റംവന്നിട്ടില്ല
തിരുവനന്തപുരം: തന്റെ അഭിപ്രായങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നു ശശി തരൂര്‍. 10- 15 ദിവസമല്ലേ ആയിട്ടുള്ളു തന്റെ പോഡ്കാസ്റ്റ് പുറത്തു വന്നിട്ട്.
അതിനിടയ്ക്ക് അഭിപ്രായത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ല. നിങ്ങള്‍ (മാധ്യമ പ്രവര്‍ത്തകര്‍) പോഡ്കാസ്റ്റ് പൂര്‍ണമായി കേട്ടിരുന്നോ? ഇതു പൂര്‍ണമായി കേട്ടശേഷം അഭിപ്രായം പറയുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.