ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Thursday, February 27, 2025 2:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് പകല്‍ താപനില കുതിച്ചുയരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് നല്‍കിയത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും പകല്‍ താപനില രണ്ടുമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കൂടിയ പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, കൊല്ലം ജില്ലകളില്‍ പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പകല്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.