ഇ മെയിൽ സ്റ്റോറേജിന്റെ പേരിലും തട്ടിപ്പ്; ജാഗ്രതാനിർദേശം നൽകി പോലീസ്
Thursday, February 27, 2025 2:15 AM IST
സി.ജി. ജിജാസൽ
തൃശൂർ: തട്ടിപ്പാണെന്ന് അറിഞ്ഞാലും അടി ചോദിച്ചുവാങ്ങുന്നവരാണ് മലയാളികൾ. നിരവധി തട്ടിപ്പുകൾ നടക്കുന്ന സംസ്ഥാനത്ത് പുതിയൊരു തട്ടിപ്പുമായി സൈബർ വിരുതന്മാർ രംഗത്തിറങ്ങിയതായി പോലീസ് മുന്നറിയിപ്പ് നൽകി.
ഇത്തവണ ഇ മെയിൽ ഉപയോഗിക്കുന്നവരെയാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഇ മെയിലിൽ സ്റ്റോറേജ് സ്പേസ് ഫുൾ എന്നു ഫോണിൽ എഴുതിക്കാണിക്കും. ഓട്ടോ ബാക്ക്അപ്പും വാട്സ്ആപ് ഉപയോഗവുമാണ് കാരണമെങ്കിലും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു പലർക്കും അറിയില്ല. ഇത്തരക്കാരെയാണ് സംഘം വലയിലാക്കുന്നത്.
ഇ മെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്നു പറഞ്ഞ് സന്ദേശമയയ്ക്കുന്ന സൈബർ കെണിയിൽ നിരവധിപേർ അകപ്പെടാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് പോലീസിന്റെ ജാഗ്രതാമുന്നറിയിപ്പ്.
അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇ മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നാണു സന്ദേശത്തിന്റെ ഉള്ളടക്കം. തുടർന്ന് സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്തിപ്പെടും.
അതുവഴി നിങ്ങളുടെ കംപ്യൂട്ടറിലേക്ക് വൈറസുകളും മാൽവെയറുകളും കയറാനോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതോടെ പണം നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഗൂഗിളിന്റെ പേരിൽ വരുന്ന സന്ദേശമായതിനാൽ പലരും വിശ്വസിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഓർക്കുക, ഇത്തരത്തിലുള്ള ഇ മെയിൽ ലഭിച്ചാൽ ഉടൻതന്നെ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിൽ സ്റ്റോറേജ് വിവരങ്ങൾ പരിശോധിക്കുക.
ഒരിക്കലും ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സാന്പത്തികതട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നന്പറിൽ വിവരം അറിയിക്കണമെന്നും തൃശൂർ സിറ്റി പോലീസ് അറിയിച്ചു.