തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം
Thursday, December 12, 2024 1:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 17 സീറ്റുകളിൽ വിജയിച്ചപ്പോൾ എൽഡിഎഫ് 11 ഇടത്തു വിജയിച്ചു.
ബിജെപിക്ക് മൂന്ന് സീറ്റ് ലഭിച്ചു. ഇടതുസീറ്റുകൾ പിടിച്ചെടുത്തതു വഴി പാലക്കാട് തച്ചൻപാറ, തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ ഗ്രാമപഞ്ചായത്തുകളുടെ ഭരണം യുഡിഎഫിനു ലഭിക്കും.
യുഡിഎഫിനു നിലവിലുണ്ടായിരുന്ന 13 സീറ്റുകളാണ് 17 ആയി ഉയർന്നത്. എൽഡിഎഫിന്റെ 15 സീറ്റുകൾ 11 ആയി കുറഞ്ഞു. ബിജെപിയുടെ സീറ്റ് എണ്ണത്തിൽ മാറ്റമില്ല. എൽഡിഎഫിന്റെ ഒന്‍പതു സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ മൂന്നും ബിജെപിയുടെ ഒന്നും സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു.
കോണ്‍ഗ്രസിന്റെ ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. യുഡിഎഫിൽ കോണ്‍ഗ്രസിന് 14 സീറ്റും മുസ്ലിംലീഗിന് രണ്ടു സീറ്റും ലഭിച്ചപ്പോൾ ഒരു സീറ്റിൽ യുഡിഎഫ് സ്വതന്ത്ര വിജയിച്ചു. എൽഡിഎഫിൽ സിപിഎം ഒന്‍പതു സീറ്റുകൾ നേടിയപ്പോൾ സിപിഐയും കേരള കോണ്‍ഗ്രസ്- എമ്മും ഓരോ സീറ്റിൽ വീതം വിജയിച്ചു.