അനധികൃത ഫ്ലക്സുകള്‍ നീക്കാന്‍ ആരെയും ഭയക്കേണ്ട: കോടതി
Thursday, December 12, 2024 1:29 AM IST
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു പിഴ ഈടാക്കിയതിന്റെ കണക്കുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിനാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയത്. അടുത്ത ബുധനാഴ്ച കണക്കുകളുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ ജീവനക്കാര്‍ ഭയപ്പെടേണ്ട. തദ്ദേശ സെക്രട്ടറിമാര്‍ കോടതിക്കു പിന്നില്‍ അണിനിരക്കണം. ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ കോടതി സംരക്ഷണം നല്‍കും. കോടതിയലക്ഷ്യമടക്കം സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
ഇന്നലെ സെക്രട്ടറി ഓൺലൈനായി ഹാജരായി വിശദീകരണം നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനിടെ 1.75 ലക്ഷം ബോര്‍ഡുകള്‍ നീക്കിയിട്ടുണ്ടെന്നും 98 ലക്ഷം രൂപ പിഴ കണക്കാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
എന്നാല്‍ 30 ലക്ഷം രൂപ മാത്രമാണു വാങ്ങിയെടുത്തിട്ടുള്ളത്. നിയന്ത്രണങ്ങള്‍ക്കായി ഡിജിറ്റല്‍ സംവിധാനം കൊണ്ടുവരുമെന്നും അറിയിച്ചു. എന്നാല്‍ വിശദീകരണമല്ല, നടപടിയാണ് ആവശ്യമെന്ന് കോടതി പറഞ്ഞു.
നേതാക്കളുടെ മുഖമുള്ള ഫ്ലക്സുകൾ നീക്കിയാല്‍ ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാകും. തിരുവനന്തപുരത്തടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും ഉടന്‍ നീക്കണം. കളമശേരിയില്‍ സഹകരണമേഖലയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അനധികൃത ബോര്‍ഡുകള്‍ പൊതുസ്ഥലത്തുണ്ടെങ്കില് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് 5000 രൂപ വീതം ഈടാക്കണം. ബോര്‍ഡിന്റെ വലുപ്പത്തിനനുസരിച്ച് പിഴ വര്‍ധിപ്പിക്കുന്നതും പരിഗണിക്കണം.
സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ നീക്കണമെന്ന് കോടതി പലതവണ ഉത്തരവിട്ടിട്ടും നടപടിയുണ്ടാകാത്തത് സര്‍ക്കാരിന്റെ പരാജയമാണ്. ജില്ല, പ്രാദേശിക സമിതികള്‍ ഫലപ്രദമല്ല. രാഷ്ട്രീയപാര്‍ട്ടികളെ ഭയന്നിട്ടാണ് ഇതെന്നും കോടതി പറഞ്ഞു.