നദീസംയോജനം : സ്റ്റാലിനുമായി ചർച്ച ഇല്ലെന്നു മുഖ്യമന്ത്രി
Thursday, December 12, 2024 1:29 AM IST
തിരുവനന്തപുരം: കുട്ടനാട് മേഖലയെ അടക്കം അതീവ ഗുരുതരമായി ബാധിക്കുന്നതും തമിഴ്നാടിന്റെ സമ്മർദത്തെ ത്തുടർന്ന് നടപ്പാക്കാനൊരുങ്ങുന്നതുമായ പന്പ- അച്ചൻകോവിൽ- വൈപ്പാർ നദീസംയോജന പദ്ധതി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല.
നദീസംയോജനവുമായി ബന്ധപ്പെട്ടു കേരളത്തിലെത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തുമെന്ന തമിഴ്നാട് മന്ത്രിയുടെ പ്രഖ്യാപന കാര്യം ചില മന്ത്രിമാർ ഉന്നയിച്ചപ്പോൾ അത്തരമൊരു ചർച്ച അജൻഡയിൽ പോലുമില്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. തമിഴ്നാടുമായി കേരളം മികച്ച ബന്ധത്തിലാണ് പോകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇതോടെ കേരള ജനതയെ ഗുരുതരമായി ബാധിക്കുന്ന പന്പ- അച്ചൻകോവിൽ- വൈപ്പാർ പദ്ധതി തമിഴ്നാടിന്റെ സമ്മർദത്തത്തുടർന്നു പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ കേരളം രാഷ്്ട്രീയമായി എതിർക്കാനുള്ള സാധ്യത വിദൂരമായി. ഉദ്യോഗസ്ഥതലത്തിൽ എതിർപ്പ് അറിയിക്കാനാകും സാധ്യതയെന്നാണു വിവരം.
പക്ഷേ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പദ്ധതി നടപ്പായാൽ കേരളത്തിലെ 2000ത്തോളം ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലാകുമെന്നും പരിസ്ഥിതി ആഘാതമുണ്ടാകുമെന്നുമാണ് സാധ്യതാപഠന റിപ്പോർട്ട്.
അതേസമയം, ഏഷ്യന് ഡെവ ലപ്മെന്റ് ബാങ്കിന്റെ (എഡിബി) സഹായത്തോടെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി സംബന്ധിച്ച വിഷയം മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചർച്ചയ്ക്ക് എടുത്തില്ല. മന്ത്രിസഭയ്ക്കു പുറത്തു ചർച്ച നടത്തി ധാരണയിൽ എത്തിയ ശേഷം മന്ത്രിസഭയിൽ ചർച്ച നടത്താമെന്ന ധാരണയാകാം ഇതിനു കാരണമായതത്രേ.
കുടിവെള്ള പദ്ധതിയുടെ കരാർ സൂയസ് പ്രോജക്ട്സ് എന്ന കന്പനിക്കാണ് നൽകിയിട്ടുള്ളത്. 982.18 കോടിയാണ് അടങ്കൽ തുക.കുടിവെള്ള വിതരണം 10 വർഷത്തേക്ക് സ്വകാര്യ കന്പനിയെ ഏല്പ്പിക്കുന്നതാണ് പദ്ധതി.
പുതിയ ശുദ്ധീകരണ പ്ലാന്റുകൾ, പൈപ്പ് ലൈൻ ശൃംഖല നവീകരണം, കുടിവെള്ളം മുടങ്ങാത്ത തരത്തിലുള്ള നടത്തിപ്പ് എന്നിവയെല്ലാം കരാറെടുക്കുന്ന സ്വകാര്യ കന്പനിയാണ് നടപ്പാക്കുന്നത്.
കൊച്ചിക്കു പിന്നാലെ തിരുവനന്തപുരത്തും പദ്ധതി നടപ്പാക്കുന്നുണ്ട്. 2511 കോടിയാണ് രണ്ടു നഗരങ്ങളിൽകൂടി കുടിവെള്ള വിതരണം നവീകരണത്തിന് ചെലവഴിക്കുന്നത്.