ടൗണ്‍ഷിപ്പ് ഒഴിവാക്കി വയനാട് പുനരധിവാസത്തിന് ആലോചന
Thursday, December 12, 2024 1:29 AM IST
തിരുവനന്തപുരം: ടൗണ്‍ഷിപ്പ് പദ്ധതി ഒഴിവാക്കി വീടും ഭൂമിയും നൽകുന്ന വയനാട് പുനരധിവാസ പദ്ധതി നടപ്പാക്കുന്നതു സർക്കാർ ആലോചനയിൽ.
വയനാട് പുനരധിവാസത്തിനുള്ള കേന്ദ്ര ഫണ്ട് ലഭിക്കാത്തതും വീടുകൾ നിർമിച്ചു നൽകാൻ മുന്നോട്ടു വന്നവർക്ക് സംസ്ഥാന സർക്കാരിന് ഇതുവരെ ഉറപ്പു നൽകാൻ കഴിയാത്ത സാഹചര്യത്തിലുമാണ് ടൗണ്‍ഷിപ്പ് പദ്ധതി ഒഴിവാക്കി ഭൂമിയും വീടും പദ്ധതി നടപ്പാക്കാനുള്ള സജീവ ആലോചനയുള്ളത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവർക്ക് ടൗണ്‍ഷിപ്പ് പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നിർദേശമാണ് വയനാട് പുനരധിവാസം വൈകാൻ ഇടയാക്കിയതെന്നാണു വിമർശനം. ടൗണ്‍ഷിപ്പിനായി കണ്ടെത്തിയ പ്ലാന്റേഷൻ ഭൂമി നിയമക്കുരുക്കിൽ പെട്ടതോടെ പുനരധിവാസ നടപടികൾ കൂടുതൽ സങ്കീർണമായി.
വയനാടിന് 100 വീടു നിർമിച്ചു നൽകുമെന്നു കർണാടക സർക്കാർ കേരളത്തെ അറിയിച്ചെങ്കിലും മറുപടി നൽകാത്ത സംസ്ഥാന സർക്കാർ നിലപാട് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.