പന്പ-അച്ചൻകോവിൽ-വൈപ്പാർ പദ്ധതി ; പശ്ചിമഘട്ടം തുരന്ന് വെള്ളം കടത്താൻ തമിഴ്നാട്
Thursday, December 12, 2024 1:28 AM IST
പത്തനംതിട്ട: പശ്ചിമഘട്ട മലനിരകൾ തുരന്ന് കേരളത്തിന്റെ വെള്ളം തമിഴ്നാട്ടിലേക്ക് കടത്താനുള്ള പന്പ - അച്ചൻകോവിൽ - വൈപ്പാർ നദീ സംയോജന പദ്ധതി വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവരാൻ തമിഴ്നാട് നീക്കം. പതിറ്റാണ്ടുകൾക്കു മുന്പ് തയാറാക്കിയ പദ്ധതി കേരളത്തിന്റെ ശക്തമായ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മുന്പോട്ടു കൊണ്ടുപോകാൻ തമിഴ്നാടിനു കഴിഞ്ഞിരുന്നില്ല.
എന്നാൽ പദ്ധതി വീണ്ടും ദേശീയ ജലവികസന ഏജൻസിയുടെ യോഗത്തിൽ ചർച്ചയ്ക്കു കൊണ്ടുവരാനാണ് തമിഴ്നാടിന്റെ ഇപ്പോഴത്തെ നീക്കം. യോഗത്തിന്റെ അജണ്ടയിൽ പദ്ധതി ഉൾപ്പെടുന്നുവെന്നു മനസിലാക്കി ശക്തമായ എതിർപ്പ് അറിയിക്കാനുള്ള തയാറെടുപ്പിലാണ് കേരളം.
പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ 2003 ഓഗസ്റ്റ് ആറിന് പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനു സമർപ്പിച്ചതാണ്.
കേരളത്തിന്റെ ഭാഗമായ മലനിരകളിൽ നിന്നാരംഭിച്ച് സംസ്ഥാനത്തുകൂടി ഒഴുകുന്ന പന്പ, അച്ചൻകോവിൽ നദികളിൽ അധികജലമുണ്ടെന്നും ഇതു തമിഴ്നാട്ടിലേക്ക് തിരിച്ചുവിടണമെന്നുമുള്ള ലക്ഷ്യത്തോടെ 1990കളിൽ തയാറാക്കിയ പദ്ധതിയാണ് വൈപ്പാർ സംയോജന പദ്ധതി.
കാലാകാലങ്ങളിൽ കേരളം ശക്തമായ എതിർപ്പ് അറിയിച്ചിരുന്നതിനാൽ പദ്ധതി നടക്കാതെ പോയി. എന്നാൽ പദ്ധതിക്കുവേണ്ടിയുള്ള പ്രാഥമിക തയാറെടുപ്പുകൾ എല്ലാം നടത്തിയ തമിഴ്നാട് ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്.
പന്പയിൽ നിന്നും അച്ചൻകോവിലാറ്റിൽ നിന്നും പ്രതിവർഷം 63.4 കോടി ഘനമീറ്റർ വെള്ളം തമിഴ്നാട്ടിലേക്ക് ടണൽവഴി തിരിച്ചുവിടുന്നതാണ് പദ്ധതി. തമിഴ്നാട്ടിലെ 91,400 ഹെക്ടറിൽ കൃഷി ആവശ്യത്തിന് ഇത് ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ.
പന്പയിലും അച്ചൻകോവിലാറ്റിലും അധികജലമുണ്ടെന്ന് മൂന്ന് പതിറ്റാണ്ടു മുന്പ് കേന്ദ്ര ജലകമ്മീഷൻ തയാറാക്കിയ ഒരു റിപ്പോർട്ടാണ് പദ്ധതിക്ക് ആധാരമായത്. എന്നാൽ ഇതിനെ ഖണ്ഡിച്ചു പിന്നീടുള്ള കണക്കുകൾ പുറത്തുവന്നെങ്കിലും പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിൽ തമിഴ്നാട് ഉറച്ചു നിന്നു.
ഇതിനുവേണ്ടി തമിഴ്നാട് കേരള അതിർത്തിയോടു ചേർന്ന മേക്കരയിൽ ഡാം പണികഴിപ്പിക്കുകയും ചെയ്തു. അച്ചൻകോവിൽ മലനിരകളുടെ മറുഭാഗത്തുകൂടിയുള്ള അടവി നൈനാർ തോട്ടിലെ വെള്ളമാണ് നിലവിൽ മേക്കരയിലെ സംഭരണിയിലെത്തുന്നത്. ഭാവിയിൽ ഈ സംഭരണിയിലേക്ക് അച്ചൻകോവിലാറ്റിൽനിന്ന് വെള്ളം എത്തിക്കാമെന്നതാണ് തമിഴ്നാടിന്റെ കണക്കുകൂട്ടൽ.
നഷ്ടം കേരളത്തിനു മാത്രം
കേരളത്തിനു വെള്ളം നഷ്ടപ്പെടുന്നുവെന്നതു മാത്രമല്ല 2004 ഹെക്ടർ വനം വെള്ളത്തിലാകുകയും ചെയ്യും. ഇതിൽ 1400 ഹെക്ടർ നിത്യഹരിത വനവും ഉൾപ്പെടും. പദ്ധതിക്കായി വിഭാവനം ചെയ്യുന്ന ഡാമുകൾ കേരളത്തിലാണ്. പന്പ - കല്ലാർ, അച്ചൻകോവിൽ - കല്ലാർ എന്നിവിടങ്ങളിലാണ് പ്രധാന സംഭരണികൾ.
സംഭരണികളെ ടണൽ വഴി ബന്ധിപ്പിക്കും. ഇവിടെനിന്നും പശ്ചിമഘട്ട മലനിരകൾ തുരന്ന് ഒന്പതു കിലോമീറ്റർ ടണൽ നിർമിച്ചാണ് തൂത്തുക്കുടി, വിരുദുനഗർ ജില്ലകളിലൂടെ ഒഴികുന്ന വൈപ്പാർ നദിയിൽ വെള്ളം എത്തിക്കേണ്ടത്.
നിലവിൽ മഴക്കാലത്തു മാത്രമാണ് പന്പയും അച്ചൻകോവിലും ജലസന്പുഷ്ടമാകുന്നത്. തുടർച്ചയായ രണ്ടുദിവസം മഴ മാറിനിന്നാൽ നദികൾ മെലിയുന്ന പ്രകൃതമാണ് കണ്ടുവരുന്നത്.
നദികൾ വറ്റുന്നതോടെ കേരളത്തിന്റെ കുട്ടനാടൻ മേഖലയിലടക്കം വെള്ളം കിട്ടാതാകും. ഇത് വേന്പനാട് കായലിൽ ഓരുവെള്ളത്തിന്റെ കടന്നുകയറ്റത്തിനം കാരണമാകും. 1992- 93ലെ റിപ്പോർട്ടു പ്രകാരം പദ്ധതിയുടെ ചെലവ് 1397.91 കോടി രൂപയായിരുന്നു.