ഭിന്നശേഷി സംവരണം: റോസ്റ്റർ രജിസ്റ്ററിലും കുരുക്കിട്ട് സർക്കാർ
Thursday, December 12, 2024 1:28 AM IST
സിജോ പൈനാടത്ത്
കൊച്ചി: ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതികത്വങ്ങളിൽ കുരുക്കി സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളെ വട്ടംകറക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ്, റോസ്റ്റർ രജിസ്റ്ററുകളിലും പുതിയ കുരുക്കിടുന്നു. സംവരണ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ നിയമനങ്ങളുടെ പട്ടികയും വിവരങ്ങളും ഉൾപ്പെടുത്തിയ കോർപറേറ്റ് മാനേജ്മെന്റുകളിലെ റോസ്റ്റർ രജിസ്റ്ററുകളുടെ വെരിഫിക്കേഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനന്തമായി വൈകിക്കുകയാണ്.
എയ്ഡഡ് പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് സമന്വയ മുഖേന റോസ്റ്റര്‍ രജിസ്റ്റര്‍ തയാറാക്കാന്‍ സ്കൂള്‍ മാനേജര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയത്.
1996 മുതല്‍ 2017 വരെയുള്ള നിയമനങ്ങളില്‍ മൂന്നു ശതമാനവും തുടര്‍ന്നു നാലു ശതമാനവുമാണ് ഭിന്നശേഷി സംവരണം പാലിക്കേണ്ടത്. കോടതിയും ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
ഇതു പാലിച്ച് അധ്യാപക, അനധ്യാപക തസ്തികകളില്‍ നിയമനങ്ങള്‍ നടത്തിയ മാനേജ്മെന്റുകൾ റോസ്റ്റര്‍ രജിസ്റ്റര്‍ മാസങ്ങള്‍ക്കുമുമ്പേ, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ സമര്‍പ്പിച്ചതാണ്. എന്നാല്‍ ഇതുവരെയും ഇതിന്റെ വെരിഫിക്കേഷന് പൂര്‍ത്തിയാക്കി നിയമനം സാധൂകരിക്കാനും അതത് ജീവനക്കാര്‍ക്ക് സ്ഥിരം ശമ്പളം അനുവദിക്കാനും ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ലെന്നാണ് ആക്ഷേപം.
സിംഗിള്‍ മാനേജ്മെന്റുകള്‍ എഇഒ, ഡിഇഒ ഓഫീസുകളിലാണ് റോസ്റ്റര്‍ രജിസ്റ്റര്‍ സമര്‍പ്പിച്ചിട്ടുള്ളത്. കോര്‍പറേറ്റ് മാനേജ്മെന്റുകളില്‍ ഒന്നിലധികം ഡിഇഒമാരുടെ കീഴില്‍ വരുന്നവര്‍ ഡിഡിഇമാര്ക്കും ഒന്നിലധികം ഡിഡിഇമാരുടെ കീഴില്‍ വരുന്നവര്‍ ഡിപിഐയ്ക്കും റോസ്റ്റര്‍ രജിസ്റ്ററുകള്‍ നല്‍കിയിട്ടുണ്ട്.
റോസ്റ്റര്‍ രജിസ്റ്ററുകളില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ നിയമിക്കപ്പെട്ട അധ്യാപകരും അനധ്യാപകരും ദിവസക്കൂലി അടിസ്ഥാനത്തിലാണു ജോലി ചെയ്യുന്നത്. പുതിയ നിയമനനടപടികളെയും ഇതു ബാധിക്കുന്നുണ്ട്. റോസ്റ്റർ രജിസ്റ്റര്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയാലാണ് സ്ഥിരനിയമനത്തിലുള്ള ശമ്പളം സര്‍ക്കാര്‍ അനുവദിക്കുക.
സ്കൂള്‍മേളകൾ ഉള്‍പ്പെടെ തിരക്കുകള്‍ മൂലമാണ് റോസ്റ്റര്‍ രജിസ്റ്റര്‍ പരിശോധന നീളുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വാദം.
സര്‍ക്കുലറിലുണ്ട്; നടപടിയിലില്ല!
കൊച്ചി: എയ്ഡഡ് സ്കൂളുകളുടെ റോസ്റ്റര്‍ രജിസ്റ്ററുകളുടെ വെരിഫിക്കേഷന് അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ഓഗസ്റ്റ് 31ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി, ജില്ല- ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണു സര്‍ക്കുലര്‍ നല്‍കിയത്. റോസ്റ്റര്‍ വെരിഫിക്കേഷന് വൈകുന്നതിലൂടെ മാനേജ്മെന്റുകള്‍ക്കും നിയമനം നേടിയവര്ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കുലര്‍.
റോസ്റ്റര്‍ രജിസ്റ്ററുകള്‍ അടിയന്തരമായി പരിശോധിച്ചു നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ച് മൂന്നു മാസം പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല.