ഇറ്റ്ഫോക്ക് രാജ്യാന്തര നാടകോത്സവം മാര്‍ച്ചിൽ
Thursday, December 12, 2024 1:28 AM IST
തൃശൂർ: കടുത്ത സാന്പത്തികപ്രതിസന്ധിമൂലം അനിശ്ചിതത്വത്തിലായ ഇറ്റ്ഫോക്ക് രാജ്യാന്തര നാടകോത്സവം ലഭ്യമായ സാമ്പത്തികസ്രോതസിനകത്തുനിന്ന് 2025 മാർച്ചിൽ സംഘടിപ്പിക്കാൻ തീരുമാനം.
ഇന്നലെ ഉച്ചയ്ക്കു മന്ത്രി സജി ചെറിയാനുമായി സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നടത്തിയ ചര്‍ച്ചയെത്തുടർന്നാണ് തീരുമാനം. സാധാരണ ഫെബ്രുവരിയിലാണ് ഇറ്റ്ഫോക്ക് സംഘടിപ്പിക്കാറുള്ളത്. എന്നാൽ, സാന്പത്തികപ്രതിസന്ധിമൂലം ഇത്തവണ സർക്കാർ ഇറ്റ്ഫോക്ക് ഉപേക്ഷിക്കുന്നതായി പ്രചാരണമുണ്ടായി.
സർക്കാർ നിലപാടിനെതിരേ സാംസ്കാരികപ്രവർത്തകരിൽനിന്നും കടുത്ത പ്രതിഷേധം ഉയർന്നപ്പോൾ, ഇറ്റ്ഫോക്ക് നീട്ടിവയ്ക്കാൻ അക്കാദമി തീരുമാനിച്ചതായി അറിയിച്ച് സെക്രട്ടറി കരിവെള്ളൂർ മുരളി രംഗത്തുവന്നിരുന്നു.
പണം കണ്ടെത്തി 2025 ഡിസംബറിനുമുന്പ് നാടകോത്സവം സംഘടിപ്പിക്കുകയാണു ലക്ഷ്യമെന്നും പറഞ്ഞിരുന്നു. തുടർന്നുള്ള ചർച്ചകൾക്കൊടുവിലാണു മാർച്ചിൽ ഇറ്റ്ഫോക്ക് നടത്താൻ തീരുമാനമായത്.
സാംസ്കാരികപരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ നേതൃത്വത്തിലുള്ള വിവിധ അക്കാദമികൾ സ്പോൺസർമാരിൽനിന്നും മറ്റുമായി സ്വയം ഫണ്ട് കണ്ടെത്തണമെന്നു നേരത്തേ സർക്കാർ നിലപാടു സ്വീകരിച്ചിരുന്നു.
ഇതനുസരിച്ചു സർക്കാർ ഫണ്ടിനു ശ്രമിക്കുന്നതോടൊപ്പം ധനസമാഹരണത്തിനു മറ്റു മാർഗങ്ങൾ തേടാനും അക്കാദമി നിർവാഹകസമിതി തീരുമാനിച്ചിട്ടുണ്ട്.