റോഡ് തടഞ്ഞു പന്തൽ: ഏരിയ സെക്രട്ടറി ഒന്നാം പ്രതി
Thursday, December 12, 2024 1:28 AM IST
തിരുവനന്തപുരം: സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി വഞ്ചിയൂരിൽ റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.
പാളയം ഏരിയ കമ്മിറ്റി സെക്രട്ടറി വഞ്ചിയൂർ ബാബുവാണ് കേസിൽ ഒന്നാം പ്രതി. ഇതിനു പുറമെ ഏരിയ കമ്മിറ്റി അംഗങ്ങളും സ്റ്റേജ് കെട്ടിയ തൊഴിലാളികൾ ഉൾപ്പെടെ 31 പേരെയും വഞ്ചിയൂർ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
നേരത്തേ ഈ സംഭവത്തിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. എന്നാൽ ഹൈക്കോടതി പോലീസിനെ നിശിതമായി വിമർശിക്കുകയും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരേ കേസെടുക്കണമെന്ന് നിർദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് പാർട്ടി നേതാക്കൾക്കെതിരേ കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്.
ഏരിയ കമ്മിറ്റിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനായിരുന്നു. യോഗത്തിൽ പങ്കെടുത്തവരെ പോലീസ് പ്രതിയാക്കിയിട്ടില്ല.
സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് തടഞ്ഞ് പന്തലിട്ട് സമരം നടത്തിയ സംഭവത്തിൽ സിപിഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗണ്‍സിൽ നേതാക്കൾക്കെതിരേയും കേസ്.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ ജോയിന്റ് കൗണ്‍സിൽ പന്തൽകെട്ടി രാപ്പകൽ സമരം നടത്തിയിരുന്നു. ഇതിനെതിരേയാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.