മാര്‍ഗനിര്‍ദേശം ലംഘിച്ച് ആന എഴുന്നള്ളിപ്പ്: കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ഹൈക്കോടതി
Thursday, December 12, 2024 1:28 AM IST
കൊച്ചി: ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ച് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രോത്സവത്തില്‍ ആന എഴുന്നള്ളിപ്പ് നടത്തിയതില്‍ കോടതിയലക്ഷ്യ നടപടി.
ദേവസ്വം ഓഫീസര്‍ രഘുരാമനെതിരേയാണു കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി നോട്ടീസയച്ചത്. രഘുരാമന് നല്കിയ വിശദീകരണവും മാപ്പപേക്ഷയും തള്ളിയ കോടതി കോടതിയലക്ഷ്യത്തിനു നടപടിയെടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്കി.
ഉത്തരവ് ബോധപൂര്‍വം ലംഘിച്ചിട്ടില്ലെന്ന് കോടതിയില്‍ നേരിട്ടു ഹാജരായ രഘുരാമന് അറിയിച്ചു. ജനത്തിരക്കേറുകയും അപ്രതീക്ഷിതമായി മഴ പെയ്യുകയും ചെയ്തതോടെയാണു മാര്‍ഗനിര്‍ദേശങ്ങളില്‍ വീഴ്ചയുണ്ടായത്.
ജനങ്ങളുടെ സുരക്ഷ കാറ്റില്‍പ്പറത്തിയാണു ഡിസംബര്‍ രണ്ടിന് ക്ഷേത്രത്തില്‍ ആനകളെ കൈകാര്യം ചെയ്തതെന്ന് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിലയിരുത്തി.
വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ദേവസ്വം ഓഫീസര്‍ അത് അവഗണിക്കുകയായിരുന്നുവെന്ന് കളക്ടറുടെ റിപ്പോര്‍ട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ നടപടിയില്‍ മറുപടി സമര്‍പ്പിക്കാനായി കേസ് ജനുവരി ഒമ്പതിന് വീണ്ടും പരിഗണിക്കാനായി മാറ്റി.