കരിക്കിന്റെ തൊണ്ടില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് എംജി യൂണിവേഴ്സിറ്റി ഗവേഷണസംഘം
Thursday, December 12, 2024 1:28 AM IST
കോട്ടയം: പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന കരിക്കിന്റെ തൊണ്ടില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ എംജി സർവകലാശാല ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ എബിന് ജോണ്‍ വര്‍ഗീസിന്റെ എംടെക് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണത്തിലാണ് കണ്ടെത്തല്‍.
സസ്യങ്ങളുടെ കോശഭിത്തിയിലെ ജൈവ പോളിമെറായ ലീഗിനിന്‍ ഘടകം കൂടുതലുള്ള കരിക്കിന്‍തൊണ്ടില്‍ നിന്നും 48 മണിക്കൂറിനുള്ളില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തിലൂടെ ജൈവവിഘടനം നടത്തി ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ജെ. പി. കിരണ്‍ എന്ന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ്.
അന്തരിച്ച കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ.സി.എ. ജയപ്രകാശ്, മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, ബിസിനസ് ഇന്നവേഷന്‍ ആൻഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്, സ്കൂള്‍ ഓഫ് എന്‍യവയോണ്‍മെന്റല്‍ സയന്‍സസ് മേധാവി ഡോ. മഹേഷ് മോഹന്‍, ഡോ. സി. ചന്ദന എന്നിവര്‍ ഒരു വര്‍ഷം നീണ്ട ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ചു.
സി.എന്‍.ജിയെ (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) വൈദ്യുതിയാക്കി മാറ്റുന്നതിന് സാങ്കേതിക സഹായം ലഭ്യമാക്കിയത് ഫ്രാന്‍സിസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള കോടങ്കണ്ടത്ത് ഇന്‍ഡസ്ട്രീസിലെ സംഘമാണ്. കാസര്‍ഗോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ (ഐസിഎആര്‍-സിപിസിആര്‍ഐ) ശാസ്ത്രജ്ഞര്‍ യൂണിവേഴ്സിറ്റിയിലെത്തി പുതിയ കണ്ടുപിടിത്തം വിലയിരുത്തി പിന്തുണ വാഗ്ദാനം ചെയ്തു.
പുതിയ സംവിധാനം വഴി കരിക്കിന്‍തൊണ്ട് ഉള്‍പ്പെടെ ഏത് ജൈവ മാലിന്യവും സംസ്കരിച്ച് 36 മുതല്‍ 48 വരെ മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതിയാക്കി മാറ്റാന്‍ കഴിയും. ഈ കണ്ടെത്തലിനെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വികസിപ്പിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് പ്രഫ. സാബു തോമസിന്റെയും ഡോ. രാധകൃഷ്ണന്റെയും മേല്‍നോട്ടത്തില്‍ വിവിധ രാജ്യാന്തര സര്‍വകലാശാലകളുമായി സഹകരിച്ച് തുടര്‍ ഗവേഷണവും ഉപരി പഠനവും നടത്തിവരികയാണ്.
സമൂഹത്തിന് ഗുണകരമാകുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തി അവയെ വ്യാവസായികാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിൽ മാതൃക സൃഷ്ടിച്ചിട്ടുള്ള എംജി യൂണിവേഴ്സിറ്റിയുടെ അഭിമാനകരമായ പുതിയ നേട്ടമാണിതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.