മാടായി കോളജ് നിയമന വിവാദം; കണ്ണൂർ കോൺഗ്രസ് പ്രശ്നകലുഷിതം
Thursday, December 12, 2024 1:28 AM IST
കണ്ണൂര്: മാടായി കോളജ് നിയമന വിവാദത്തിൽ എം.കെ. രാഘവനെതിരേ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കാൻ എ ഗ്രൂപ്പ്. കണ്ണൂര് ഡിസിസിയും ഐ ഗ്രൂപ്പും എം.കെ. രാഘവൻ എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
രാഘവനെതിരേയുള്ള ഐ ഗ്രൂപ്പിന്റെ പ്രതിഷേധം ജില്ലയിലെ എ ഗ്രൂപ്പിനെ വീണ്ടും സജീവമാക്കുകയാണ്. ഐ ഗ്രൂപ്പ് നടത്തിയ വിവാദ നിയമനങ്ങളുടെ വിവരശേഖരണവും എ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു.
ഇതിനിടെ, എം.കെ.രാഘവൻ എംപിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി നടപടിയെടുത്ത കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
നിയമന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷ നേതാവിനോട് പ്രവർത്തകർ വിശദീകരിച്ചു. കോൺഗ്രസ് കുഞ്ഞിമംഗലം വൈസ് പ്രസിഡന്റ് കെ.വി. സതീഷ്കുമാർ, കെ.പി. ശശി, വി.വി. പ്രകാശൻ, നിധീഷ് ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിപക്ഷ നേതാവിനെ കണ്ടത്.
കണ്ണൂർ ഡിസിസി നേതൃത്വവും വി.ഡി. സതീശനോടു കാര്യങ്ങൾ വിശദീകരിച്ചു. നിയമനത്തിന്റെ കാര്യത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനും പ്രതിപക്ഷ നേതാവിനെ കണ്ട് പ്രതിഷേധം അറിയിച്ചു.
എന്നാൽ, രാഘവന്റെ കോലം കത്തിച്ച സംഭവത്തിലും തറവാട്ട് വീട്ടിലേക്കു മാർച്ച് നടത്തിയ സംഭവത്തിലും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മൗനം പാലിക്കുന്നതിൽ എ ഗ്രൂപ്പിലും പ്രതിഷേധം വ്യാപകമാണ്.
മാടായി കോളജ് നിയമന വിവാദം പാർട്ടി ഇടപെട്ട് രമ്യമായി പരിഹരിക്കുമെന്ന് വി.ഡി. സതീശൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ, നടക്കുന്നത് പ്രാദേശിക തർക്കങ്ങളാണ്. കെപിസിസി ഇക്കാര്യത്തിൽ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.