കൃഷിഭൂമി ബഫർ സോണാക്കി കർഷകരെ ദ്രോഹിക്കുന്നുവെന്ന് മാർ പാംപ്ലാനി
Thursday, December 12, 2024 1:28 AM IST
തലശേരി: കർഷകരുടെ കൃഷിഭൂമികൾ ബഫർ സോണിൽ ഉൾപ്പെടുത്തില്ല എന്ന സർക്കാരിന്റെ ഉറപ്പ് കാറ്റിൽപറത്തി റീസർവേയിൽ കർഷകദ്രോഹപരമായ സമീപനമാണു റവന്യു, വനം ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ഈ സമീപനത്തിൽനിന്നു സർക്കാർ പിന്മാറണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. കേളകം പഞ്ചായത്തിലെ ചെട്ടിയാംപറന്പ് പ്രദേശത്ത് ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന പട്ടയഭൂമികളിൽ റീസർവേ നടക്കുകയാണ്.
നിലവിൽ പുഴ അതിർത്തിയായുള്ള പട്ടയഭൂമിയിലെ കൃഷിഭൂമി ഉൾപ്പെടുന്ന ഭാഗം ഇപ്പോൾ ബഫർസോണിൽ ഉൾപ്പെടുത്തി റവന്യു ഭൂമിയായി വരത്തക്ക രീതിയിലാണു റീസർവേ നടക്കുന്നത്. ഇങ്ങനെ ഭൂമി നഷ്ടപ്പെടുന്ന കർഷകർ പരാതി നൽകുകയും അസിസ്റ്റന്റ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കർഷകന്റെ ഭൂമി തിരിച്ചുനൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, തുടർന്നുള്ള സ്ഥലങ്ങൾ അളന്നപ്പോൾ അതിന്റെ വിസ്തീർണമോ പുഴയോട് ചേർന്നുള്ള അതിരോ സ്ഥലം ഉടമയ്ക്ക് കാണിച്ചുകൊടുക്കാതെ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണുണ്ടായത്. ഇതിനെ തുടർന്ന് ഈ പ്രദേശത്തെ സ്ഥലങ്ങൾ അളക്കുന്നത് നിർത്തിവയ്ക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
നിലവിൽ ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി ജണ്ടയിൽനിന്നും 500 മീറ്ററിൽ കുറയാതെ വരുന്ന സ്ഥലങ്ങൾ പുഴയുടെ പുറന്പോക്കായി ആറളം പഞ്ചായത്തിലും പുഴ മുതൽ കർഷകരുടെ ഭൂമി വരെയുള്ള പുറന്പോക്ക് സ്ഥലങ്ങൾ കേളകം പഞ്ചായത്തിലും നിലനിർത്തിയിരിക്കുകയാണ്. പുഴ അതിർത്തിയായി വരുന്ന സ്ഥലമുടമകളുടെ രേഖകളിൽ ചീങ്കണ്ണിപ്പുഴയാണ് അതിർത്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ പുതിയ സർവേ പ്രകാരം വന്യജീവി സങ്കേതം മുതൽ പുഴ ഉൾപ്പെടെ കർഷകന്റെ ഭൂമിയുടെ സ്ഥലങ്ങൾ ആറളം പഞ്ചായത്തിന്റേതായി രേഖപ്പെടുത്തിയിരിക്കുകയാണ്. കൃഷിയിടങ്ങളിൽ ബഫർ സോണിൽപെടുത്താനും ജനങ്ങൾ പുഴയിൽ ഇറങ്ങുന്നത് തടയാനുമുള്ള ഉദ്യോഗസ്ഥരുടെ ഗൂഢലക്ഷ്യം കർഷകദ്രോഹപരമാണ്.
കർഷകരുടെ ജീവിതത്തിൽ ദൂരവ്യാപകമായ ദുരന്തഫലങ്ങൾ ഉളവാക്കുന്ന ഈ നീക്കത്തിൽനിന്ന് പിന്മാറാനും കർഷക താത്പര്യങ്ങൾ സംരക്ഷിക്കാനും സർക്കാർ സത്വരമായി ഇടപെടണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.