സമസ്ത മുശാവറ യോഗത്തിൽ പൊട്ടിത്തെറി
Thursday, December 12, 2024 1:28 AM IST
കോഴിക്കോട്: സമസ്തയിലെ ഇരു വിഭാഗങ്ങൾ തമ്മിലെ ചേരിപ്പോര് അവസാനിപ്പിക്കാൻ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിൽനിന്നു സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി.
സമസ്തയിലെ ലീഗ്വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെത്തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ കുപിതനായത്. അധ്യക്ഷൻ ഇറങ്ങിപ്പോയതിനു പിന്നാലെ മുശാവറ യോഗം പിരിച്ചുവിട്ടു. കോഴിക്കോട് സമസ്ത ആസ്ഥാനത്ത് ചേർന്ന മുശാവറ യോഗത്തിലാണ് അപ്രതീക്ഷിതസംഭവങ്ങള്‍ ഉണ്ടായത്.
യോഗത്തിൽ ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചയ്ക്കു വന്നപ്പോഴാണു സംഭവം. യോഗം തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഉമർ ഫൈസി മുക്കം യോഗത്തിൽനിന്ന് മാറിനിൽക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് അജൻഡയിലെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്തശേഷം ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട കാര്യം ചർച്ചയ്ക്കു വന്നപ്പോൾ അദ്ദേഹത്തോട് യോഗത്തിൽനിന്ന് മാറിനിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, ഉമർ ഫൈസി ഇതിന് തയാറായില്ല. തുടർന്ന് യോഗത്തിൽ സംസാരിച്ച ഉമർ ഫൈസി കള്ളന്മാർ എന്ന പ്രയോഗം നടത്തിയതോടെ കുപിതനായി ജിഫ്രി തങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നു.