ആശ്രിതനിയമനം: ഒരു വർഷത്തിനകം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം
Thursday, December 12, 2024 1:28 AM IST
തിരുവനന്തപുരം: സർവീസിലിരിക്കേ മരണമടയുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ സമാശ്വാസ പദ്ധതിയായ ആശ്രിത നിയമനത്തിൽ കൂടുതൽ വ്യക്തത വരുത്തി സർക്കാർ.
ആശ്രിത നിയമനത്തിനായി ജീവനക്കാരൻ മരിച്ച് ഒരു വർഷത്തിനകം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം കണക്കാക്കുന്പോൾ മരണമടഞ്ഞ ജീവനക്കാരന്റെ ശന്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കേണ്ടതില്ലെന്നും റവന്യു വകുപ്പ് ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ജീവനക്കാരൻ മരിക്കുന്നതിനു പിന്നാലെ ആശ്രിത നിയമനത്തിന് അപേക്ഷിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് വാങ്ങുന്പോൾ ചിലയിടങ്ങളിലെങ്കിലും മരിച്ച ജീവനക്കാരന്റെ ശന്പളവും കണക്കാക്കിയാണു നൽകിയിരുന്നത്. എന്നാൽ, ജീവനക്കാരന്റെ കുടുംബ പെൻഷൻ വരുമാനത്തിൽ കണക്കാക്കാം.
വാർഷിക കുടുംബ വരുമാനം എട്ടു ലക്ഷമോ അതിൽ താഴെയോ ഉള്ളവർക്കാണ് ആശ്രിത നിയമനത്തിന് അർഹതയുള്ളത്. വാർഷിക കുടുംബ വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടുതലുള്ളവർക്ക് ആശ്രിത നിയമനത്തിന് അർഹതയുണ്ടാകില്ല. ഉത്തരവിന്റെ പകർപ്പ് ലാൻഡ് റവന്യു കമ്മീഷണർക്കും എല്ലാ ജില്ലാ കളക്ടർമാർക്കും നൽകി.