ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Thursday, December 12, 2024 1:28 AM IST
തിരുവനന്തപുരം: കേരള സംസ്ഥാനത്തിലെ സര്‍ക്കാർ/സര്‍ക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2023-24 സാമ്പത്തിക വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് അവസരം. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 6,000 രൂപ വീതവും, പ്രഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ഥിനിക്ക് സ്കോളര്‍ഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.
കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവര്‍ക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
www. minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഡിസംബർ 30 ന് മുൻപായി നൽകണം. കൂടുതൽ വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.