നീലേശ്വരം വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ ഒരാൾകൂടി മരിച്ചു
Sunday, November 10, 2024 1:03 AM IST
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കിണാവൂരിലെ രജിത്(28) ആണ് ഇന്നലെ മരിച്ചത്. മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രജിത്തിനൊപ്പം കളിയാട്ടത്തിനു പോയിരുന്ന സുഹൃത്തുക്കളായ കിണാവൂർ റോഡിലെ സി.സന്ദീപ് (32) കഴിഞ്ഞ ശനിയാഴ്ചയും കിണാവൂരിലെ രതീഷ് (32), കൊല്ലംപാറ മഞ്ഞളംകാട്ടെ കെ. ബിജു (38) എന്നിവർ ഞായറാഴ്ചയും മരിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ തുരുത്തി ഓർക്കളത്തെ ഷബിൻ രാജും (19) ഒരാഴ്ച മുമ്പ് മരണത്തിനു കീഴടങ്ങിയിരുന്നു.
മുണ്ടോട്ട് കുഞ്ഞിരാമൻ- ഉഷ ദന്പതികളുടെ മകനായ രജിത് കാസർഗോഡ് കെഎസ്ഇബിയിൽ ഡ്രൈവറായിരുന്നു. ഭാര്യ: ഗോപിക. ഒരു വയസുള്ള കുഞ്ഞുണ്ട്. സഹോദരൻ: സജിൻ.