സർവകലാശാലകളെ കെ-റീപ് സോഫ്റ്റ്വേർ വഴി ബന്ധിപ്പിക്കും: മന്ത്രി ആർ. ബിന്ദു
Thursday, October 10, 2024 1:35 AM IST
തിരുവനന്തപുരം: കേരളത്തിൽ സർവകലാശാലകളെയും കോളജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്വേർ സംവിധാനം മുഴുവൻ സർവകലാശാകളിലും നടപ്പാക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.
തിരുവനന്തപുരം ഐഎംജിയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ് കേരളയും സംയുക്തമായി നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിലവിൽ സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും ഇവയെല്ലാം പരസ്പര ബന്ധമില്ലാതെയാണ് നടക്കുന്നത്. ഇതെല്ലാം കെ-റീപ് വഴി ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതോടെ സർവകലാശാലകൾ, കോളജുകൾ എന്നിവ ഒറ്റ കുടക്കീഴിലേക്ക് മാറും.
കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ് (കെ റീപ്പ്) എന്ന പ്ലാറ്റ്ഫോമിനു കീഴിൽ എത്തുന്നതോടെ വിദ്യാർഥി പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ ഈ പോർട്ടൽ വഴി നടക്കും. അസാപ് കേരളയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ആൻഡ് കോളജ് മാനേജ്മെന്റ് സിസ്റ്റം എന്ന പേരിൽ ഇതിനായി സോഫ്റ്റ്വേർ വികസിപ്പിച്ചുകഴിഞ്ഞു.