ആർഎസ്എസ് നേതാവിന്റേതു വിദ്വേഷ പ്രസ്താവന: കെഎൽസിഎ
Tuesday, October 8, 2024 2:46 AM IST
കൊച്ചി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഗോവയിലെ തിരുശേഷിപ്പ് ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കണമെന്ന ഗോവയിലെ മുൻ ആർഎസ്എസ് യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്താവനയിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധിച്ചു.
അദ്ദേഹം പ്രസ്താവന പിൻവലിച്ചു ഭാരതത്തിലെ ക്രൈസ്തവരോട് മാപ്പ് പറയണം. എല്ലാ മതങ്ങൾക്കും തുല്യപ്രാധാന്യമുള്ള ഭരണഘടനയുള്ള ഇന്ത്യപോലൊരു രാജ്യത്ത് ഇപ്രകാരം മതവിദ്വേഷം ഉണ്ടാകുന്ന പ്രസ്താവനകൾ നടത്തുന്ന നേതാക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കണം. രാജ്യത്തെ മതേതരത്വത്തിനു ഭംഗം വരുന്ന ഒരു നടപടിയും ക്രൈസ്തവരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.
അത്തരം പ്രകോപനങ്ങളിൽ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്തവരെന്നും കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.