മലപ്പുറത്ത് യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു
Thursday, September 19, 2024 2:19 AM IST
മലപ്പുറം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന യുവാവിനു രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പനിയും തൊലിപ്പുറത്ത് ചിക്കന്‍പോക്സ് പോലെയുള്ള തടിപ്പുകളും കണ്ടതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ചികിത്സ തേടിയപ്പോഴാണ് സംശയം തോന്നി നിരീക്ഷണത്തിലാക്കിയത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള യുവാവ് സുഖം പ്രാപിച്ചുവരുന്നു.
എംപോക്സ് ലക്ഷണങ്ങളാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു ഡോക്ടര്‍മാര്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കു കോഴിക്കോട് മെഡിക്കല്‍ കോളജ് ലാബിലേക്ക് അയച്ചത്.
വിദേശ രാജ്യങ്ങളിൽനിന്ന് ഇവിടെയെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നു മന്ത്രി അറിയിച്ചു.
ആഫ്രിക്കയിലെ പല രാജ്യങ്ങളിൽ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു.
2022ല്‍ എംപോക്സ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പു വരുത്തിയിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടകോൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.