നിപ്മറിന് ഐക്യരാഷ്ട്ര സംഘടനയുടെ കർമസേന പുരസ്കാരം
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ (നിപ്മർ) തേടി ഐക്യരാഷ്ട്രസംഘടനയുടെ കർമസേന പുരസ്കാരം.
പകർച്ചേതര വ്യാധികളുടെ നിയന്ത്രണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് നിപ്മറിനെ യുഎൻ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
2023 വർഷത്തിൽ പകർച്ചേതര വ്യാധികളുടെ നിയന്ത്രണം, മാനസികാരോഗ്യം, സഹായക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ തിളക്കമേറിയ പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങളിൽനിന്നാണ് നിപ്മർ അന്താരാഷ്ട്ര പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ.
സെപ്റ്റംബർ 25ന് ന്യൂയോർക്ക് സമയം 12ന് യുഎൻ പൊതുസഭയുടെ എഴുപത്തൊമ്പതാം സമ്മേളനത്തിന് അനുബന്ധമായി ‘കർമസേന സൗഹൃദ’ (Friends of the Task Force meeting) യോഗത്തിലാണ് പുരസ്കാര സമർപ്പണം.