പൂജ-ദീപാവലി സ്പെഷലുകൾ പ്രഖ്യാപിച്ച് റെയിൽവേ
Friday, September 13, 2024 1:23 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: പൂജ-ദീപാവലി ഉത്സവകാല തിരക്കുകൾ മുന്നിൽകണ്ട് കൂടുതൽ സ്പെഷൽ ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനം. ഇത്തരത്തിലെ ആദ്യ ട്രെയിൻ ഈ മാസം 20നും ഡിസംബർ രണ്ടിനും മധ്യേ കൊച്ചുവേളി-ഹസ്രത്ത് നിസാമുദീൻ റൂട്ടിൽ സർവീസ് നടത്തും.
പ്രതിവാര സ്പെഷലായിട്ടാണ് ഓടുക. ഇരു ദിശകളിലുമായി 22 സർവീസുകൾ ഉണ്ടാകും. എല്ലാം ഏസി കോച്ചുകളാണ്. 14 ഏസി ത്രീ ടയർ കോച്ചുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സ്പെഷൽ ട്രെയിനുകൾ രാജ്യത്തെ വിവിധ റൂട്ടുകളിൽ സർവീസ് നടത്താനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്.
കൊച്ചുവേളി - നിസാമുദീൻ (06071) സ്പെഷൽ 20, 27, ഒക്ടോബർ നാല്, 11, 18, 25, നവംബർ ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 8.40ന് ഹസ്രത്ത് നിസാമുദീൻ സ്റ്റേഷനിൽ എത്തും.
തിരികെയുള്ള സർവീസ് (06072) നിസാമുദീനിൽ നിന്ന് 23, 30, ഒക്ടോബർ ഏഴ്, 14, 21, 28, ഡിസംബർ രണ്ട് തീയതികളിൽ പുലർച്ചെ 4.10ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് 2.15ന് കൊച്ചുവേളിയിൽ എത്തും.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
അഞ്ച് ഓണം സ്പെഷൽ ട്രെയിനുകൾ കൂടി
ഓണത്തിന്റെ തിരക്ക് ഒഴിവാക്കാൻ മലയാളികൾക്ക് ആശ്വാസമായി അഞ്ച് സ്പെഷൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ.
ഹുബ്ബള്ളിയിൽനിന്ന് ബംഗളുരു വഴി കൊച്ചുവേളി സൂപ്പർ ഫാസ്റ്റ്, സെക്കന്ദരാബാദ്- കൊല്ലം, കച്ചേഗുഡ-കൊല്ലം, ചെന്നൈ-കണ്ണൂർ, ചെന്നൈ-കൊച്ചുവേളി (വൺവേ) എന്നീ റൂട്ടുകളിലാണ് സർവീസ്.
ഹുബ്ബള്ളി-കൊച്ചുവേളി (07333) സർവീസ് ഇന്ന് രാവിലെ 6.55ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് നാളെ രാവിലെ 6.45ന് കൊച്ചുവേളിയിൽ എത്തും.
കൊച്ചവേളി-ഹുബ്ബള്ളി (07334) സ്പെഷൽ നാളെ ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയിൽനിന്ന് തിരിച്ച് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30ന് ഹുബ്ബള്ളിയിൽ എത്തും.
ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
സെക്കന്ദരാബാദ്-കൊല്ലം എക്സ്പ്രസ് സ്പെഷൽ (07119) സെക്കന്ദരാബാദിൽനിന്ന് ഇന്ന് രാവിലെ 5.30ന് പുറപ്പെട്ട് നാളെ രാത്രി 11.20ന് കൊല്ലത്ത് എത്തും.
തിരികെയുള്ള സർവീസ് 07120 കൊല്ലത്ത് നിന്ന് 15ന് പുലർച്ചെ 2.30ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.30ന് സെക്കന്ദരാബാദിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
07044 കച്ചേഗുഡ-കൊല്ലം സർവീസ് നാളെ വൈകുന്നേരം നാലിന് കച്ചേഗുഡയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള സർവീസ് (07045) 16-ന് പുലർച്ചെ 2.30ന് കൊല്ലത്ത്നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.30ന് കച്ചേഗുഡയിൽ എത്തും. 19 കോച്ചുകൾ ഉണ്ടാകും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
06160 ചെന്നൈ എഗ്മോർ-കൊച്ചുവേളി വൺവേ സ്പെഷൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.15 ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും.
06163 ചെന്നൈ-കണ്ണൂർ സ്പെഷൽ നാളെ രാത്രി 11.50ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.30ന് കണ്ണൂരിൽ എത്തും.
06164 കണ്ണൂർ-ചെന്നൈ സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് 3.45ന് കണ്ണൂരിൽനിന്ന് തിരിച്ച് അടുത്ത ദിവസം രാവിലെ 7.50ന് ചെന്നൈയിൽ എത്തും.