അപേക്ഷ പ്രകാരം ആവശ്യമായ രേഖകളുടെ ചെക്ക്ലിസ്റ്റ് ആദ്യമേ അപേക്ഷകനു നൽകുന്നതിനു സംവിധാനമുണ്ടാകും. ഓണ്‍ലൈൻ അപേക്ഷ കൊടുത്താലും ചില ഉദ്യോഗസ്ഥർ ആളുകളെ നേരിട്ട് വിളിച്ചുവരുത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഓണ്‍ലൈൻ അപേക്ഷയ്ക്ക് ഓണ്‍ലൈൻ പരിഹാരംതന്നെ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
പുതിയ രേഖകൾ ആവശ്യമെങ്കിൾ അധിക രേഖയ്ക്കുള്ള കാരണം ഉദ്യോഗസ്ഥൻ രേഖാമൂലംതന്നെ അപേക്ഷകനെ അറിയിക്കണം. വാക്കാൽ ആവശ്യപ്പെടാൻ പാടില്ല. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പൊതുജനങ്ങൾക്ക് തത്സമയം പരാതി അറിയിക്കാൻ കോൾ സെന്ററും വാട്സ് ആപ്പ് നന്പരും ഏർപ്പെടുത്തും.
കിട്ടുന്ന പരാതികളിൽ ഉടനടി തീരുമാനമെടുക്കും. ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർക്കു ചുമതല വിഭജിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. സേവനത്തിനുള്ള സമയപരിധി, എത്രദിവസംകൊണ്ടു ഫയൽ തീർപ്പാക്കണം എന്നിവ പരാതി പരിഹാര നന്പർ സഹിതം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. സ്ഥിരം അദാലത്ത് സമിതികൾ കൂടുതൽ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യാപാര ലൈസൻസ് ഫീസ് പരിഷ്കരിക്കും തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകൾ പരിഷ്കരിക്കും. കൂടുതൽ സ്ലാബുകൾ കൊണ്ടുവരാനാണു തീരുമാനിച്ചിരിക്കുന്നത്. വ്യാപാരി വ്യവസായി മേഖലയിൽനിന്നുള്ള സംഘടനകളുടെ ദീർഘകാലത്തെ ആവശ്യത്തിനാണു പരിഹാരം കാണുന്നത്.
നഗരസഭകളിൽനിന്നും വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയിൽ കുറവുവരുത്തും. നിലവിൽ യഥാർഥ ലൈസൻസ് ഫീസിന്റെ മൂന്നും നാലും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്.
നിയമലംഘനമില്ലാത്ത കേസുകളിൽ പരമാവധി ഇത്ര ശതമാനം എന്ന് നിശ്ചയിച്ച് ഇതു ലഘൂകരിക്കും. വീടുകളോടു ചേർന്ന് ഒട്ടേറെ ചെറുകിട വ്യവസായ ഉത്പാദക വാണിജ്യസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എങ്കിലും ഇവക്ക് ലൈസൻസ് നൽകാൻ ചട്ടങ്ങളിൽ നിലവിൽ വ്യവസ്ഥയില്ല. വീടുകളോടു ചേർന്ന് പ്രവർത്തിക്കുന്ന ഇത്തരം ചെറുകിട സ്ഥാപനങ്ങൾക്കു ലൈസൻസ് ലഭിക്കുന്ന തരത്തിൽ ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും.
തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക ഡിസൈൻ വിംഗ് തദ്ദേശ സ്ഥാപനങ്ങളുടെ വൻകിട പ്രവൃത്തികളുടെ ഡിസൈൻ നിലവിൽ തയാറാക്കുന്നത് എൻജിനിയറിംഗ് കോളജുകൾ മുഖേനയാണ്. ഇതിനായി വലിയ ഫീസ് നൽകേണ്ടിവരുന്നു. ഇതു പരിഗണിച്ച് തദ്ദേശ വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള എൻജിനിയർമാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഡിസൈൻ വിംഗ് രൂപവത്കരിക്കും.
പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മോണിറ്ററിംഗ് ലാബുകൾ സ്ഥാപിക്കും.
എൻജിനിയർമാരുടെ കുറവ് പരിഹരിക്കാൻ വിരമിച്ചവരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. എൻജിനിയർമാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്.